മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളി 16 വര്‍ഷത്തിനുശേഷം പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു
പരപ്പനങ്ങാടി: മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ 16 വര്‍ഷത്തിനുശേഷം അറസ്റ്റുചെയ്തു. കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടില്‍ ഹസ്സന്‍ കോയയുടെ മകന്‍ വെബ്ലി സലിം എന്ന് വിളിക്കുന്ന സലിമി (42)നെയാണ് കോഴിക്കോട് കല്ലായിയില്‍ നിന്നും പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തത്.
2006 ജനുവരി 26, ഫെബ്രുവരി നാല് എന്നീ ദിവസങ്ങളില്‍ വള്ളിക്കുന്ന് റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ നടന്നുപോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസ്, അരിയല്ലൂര്‍ പുഴക്കല്‍ വീട്ടില്‍ മോഹന്‍ ദാസിന്റെ ഭാര്യ പത്മിനിയുടെ നാല് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടില്‍ സത്യനാരായണന്റെ ഭാര്യ ഷീജയുടെ അഞ്ചുപവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും മോഷണം ചെയ്തതിന് 2006 ല്‍ പര്‍പ്പനങ്ങാടി പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഈ കേസുകളില്‍ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയില്‍ ഹാജരാവാതിരുന്നതിനാല്‍ പ്രതികളെ പിടികിട്ടാപ്പുള്ളികളായി കോടതി പ്രഖ്യാപിച്ചിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാടി എസ്‌ഐ പ്രദീപ് കുമാര്‍, പോലിസുകാരായ ബിജേഷ്, ഡാന്‍സാഫ് ടീമംഗങ്ങളായ ആല്‍ബിന്‍, അഭിമന്യു, വിപിന്‍, സബറുദ്ദീന്‍, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.