തിരൂർ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

തിരൂർ: തിരൂർ നഗരസഭാ യു ഡി എഫ് ഭരണസമിതിയുടെ അഴിമതി ഭരണത്തിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് എൽഡിഎഫ് നേതൃത്വത്തിൽ നഗരസഭയിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ലീഗ് നേതാക്കൾ അടങ്ങിയ കോക്കസ്സിൻ്റ നേതൃത്വത്തിൽ കെട്ടിട നിയമങ്ങൾ പോലും പാലിക്കാതെയും കോഴ വാങ്ങിയും അനധികൃത കെട്ടിടങ്ങൾക്ക് വ്യാപകമായി അനുമതി നൽകുന്നതിലും സർട്ടിഫിക്കറ്റുകൾക്കു പോലും കൈക്കൂലി വാങ്ങി ഏജൻറുമാർക്ക് വിഹരിക്കാൻ സാഹചര്യമൊരുക്കുന്നതിലും
വ്യക്തിഗത ആനുകൂല്യങ്ങൾ പോലും സമയബന്ധിതമായി വിതരണം ചെയ്യാൻ
സാധിക്കാത്ത കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ചാണ് എൽഡിഎഫ് തിരൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

തിരുർ കിഴക്കേ അങ്ങാടിയിൽ നിന്ന് ആരംഭിച പ്രകടനം സിറ്റി ജംഗ്ഷൻ, താഴെ പാലം ചുറ്റി നഗരസഭാ ഓഫീസിനു മുന്നിലെത്തി.ഓഫീസ് ഗേറ്റിനു മുന്നിൽ എസ് ഐ യുടെ നേതൃത്വത്തിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ്ണ സി പി ഐ എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസക്കുട്ടി ഉദ്ഘാടനം ചെയ്തു. അഡ്വ. ദിനേശ് പൂക്കയിൽ അധ്യക്ഷനായി. പിമ്പുറത്ത് ശ്രീനിവാസൻ , അഡ്വ എസ് ഗിരീഷ്, വി നന്ദൻ, എം മമ്മുകുട്ടി, ടി ദിനേശ് കുമാർ, എന്നിവർ സംസാരിച്ചു. പി പി ലക്ഷ്മണൻ സ്വാഗതം പറഞ്ഞു. അനിത കല്ലേരി, എസ് ഷബീറലി, മിർഷാദ് പാറയിൽ, റഹീം മേച്ചേരി, എന്നിവർ നേതൃത്വം നൽകി.