16ന് മലപ്പുറത്ത് യു.ഡി.എഫ് ഹര്‍ത്താല്‍
മലപ്പുറം: മലപ്പുറം ജില്ലയുടെ മലയോര വനാതിര്‍ത്തി മേഖലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് യുഡിഎഫ്. ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഈ മാസം 16 ന് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റി ഉള്‍പ്പെടെ ജില്ലയിലെ പ്രധാന 11 തദ്ദേശ സ്ഥാപന പരിധിയിലാണ് ഹര്‍ത്താല്‍ നടത്തുക.
ബഫര്‍സോണുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് ഇടുക്കി, വയനാട് എന്നീ മലയോര ജില്ലകളിലും കഴിഞ്ഞ ദിവസം ഹര്‍ത്താല്‍ നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മലപ്പുറം ജില്ലയിലെ വനാതിര്‍ത്തി മേഖലയില്‍ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പരിധി പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തുന്നത്.

സുപ്രീംകോടതി ഉത്തരവിനെതിരെ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കോഴിക്കോട് ജില്ലയുടെ മലയോര മേഖലയില്‍ തുടരുകയാണ്. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ വയനാട് ജില്ലയില്‍ എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. മെഡിക്കല്‍ സ്റ്റോറുകള്‍ ഒഴികെയുള്ള കടകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. കെഎസ്ആര്‍ടിസി ദീര്‍ഘദൂര ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തിയത്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു.