മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ക്ക് ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാം

ഫിഷറീസ് വകുപ്പിന് കീഴിലുളള സാഫ് തീരമൈത്രി പദ്ധതിയുടെ ഭാഗമായി ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കാന്‍ തീരദേശ/ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബത്തിലെ വനിതകള്‍ അടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബ രജിസ്റ്ററില്‍ അംഗത്വമുളള 20 നും 50 നും ഇടയില്‍ പ്രായമുളള രണ്ട് മുതല്‍ അഞ്ച് വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പായിട്ടാണ് അപേക്ഷിക്കേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ക്ക് നേരിട്ട് ഇരയായവര്‍, മാറാരോഗങ്ങള്‍ ബാധിച്ച കുടുംബത്തിലെ വനിതകള്‍, ട്രാന്‍സ്ജന്‍ഡേഴ്‌സ്, വിധവകള്‍, തീരനൈപുണ്യ കോഴ്‌സില്‍ പങ്കെടുത്ത കുട്ടികള്‍, ഇരുപതിനും നാല്‍പതിനും ഇടയില്‍ പ്രായമുളളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. സാഫില്‍ നിന്നും ഒരു തവണ ധനസഹായം കൈപ്പറ്റിയവര്‍ക്ക് അപേക്ഷിക്കാനാകില്ല. പദ്ധതി തുകയുടെ 75 ശതമാനം ഗ്രാന്റും 20 ശതമാനം ബാങ്ക് വായ്പയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവും അടങ്ങുന്നതാണ് പദ്ധതി. ഒരംഗത്തിന് പരമാവധി ഒരു ലക്ഷം രൂപ നിരക്കില്‍ അഞ്ച് പേര്‍ അടങ്ങുന്ന ഗ്രൂപ്പിന് പരമാവധി അഞ്ച് ലക്ഷം രൂപ വരെ തിരിച്ചടക്കാത്ത ഗ്രാന്റ് ആയി ലഭിക്കും. ഡ്രൈഫിഷ് യൂണിറ്റുകള്‍, ഹോട്ടല്‍ ആന്‍ഡ് കാറ്ററിങ്, ഫിഷ് ബൂത്ത്, ഫ്‌ളോര്‍ മില്‍, ഹൗസ് കീപ്പിങ്, ഐ.ടി അനുബന്ധ സ്ഥാപനങ്ങള്‍, ടൈലറിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് യൂണിറ്റുകള്‍, മിനി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രൊവിഷന്‍ സ്റ്റോറുകള്‍, ട്യൂഷന്‍ സെന്റര്‍, കമ്പ്യൂട്ടര്‍ ഡി.റ്റി.പി സെന്റര്‍, ലാബ് ആന്‍ഡ് മെഡിക്കല്‍ സ്റ്റോര്‍, ഫുഡ് ആന്‍ഡ് ഫുഡ് പ്രൊസസിങ് മുതലായവയും പ്രാദേശിക സാധ്യതയുളള യൂണിറ്റുകളും ഈ പദ്ധതി വഴി ആരംഭിക്കാം. അപേക്ഷകള്‍ ചെട്ടിപ്പടി, താനൂര്‍, പുറത്തൂര്‍, വെട്ടം, പെരുമ്പടപ്പ്, വെളിയങ്കോട് എന്നീ മത്സ്യഭവനുകളില്‍ നിന്നും സാഫിന്റെ നോഡല്‍ ഓഫീസില്‍ നിന്നും പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കും.  ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഫിഷര്‍മെന്‍ ക്ഷേമനിധി പാസ്ബുക്ക്, മുന്‍ഗണനാ സര്‍ട്ടിഫിക്കറ്റുകള്‍, വിദ്യഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍  എന്നിവയുടെ പകര്‍പ്പ്  സഹിതമുള്ള അപേക്ഷ ജൂണ്‍ 30നകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണം. ഫോണ്‍: 9745921853, 9947440298, 0494 2666428.