ചങ്ങരംകുളത്ത് അനധികൃത ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി
മലപ്പുറം: ചങ്ങരംകുളം ചിയ്യാനൂരിൽ അനധികൃതമായ ഗ്യാസ് സിലിണ്ടർ ഫില്ലിങ് കേന്ദ്രം കണ്ടെത്തി.സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളികളായ രണ്ട് പേരെ ചങ്ങരംകുളം പോലീസ് കസ്റ്റഡിയിൽ എടുത്തു. ബംഗാൾ സ്വദേശികളായ സബോ സച്ചിൻ(31)ഹർദൻ ബെഹ്‌റ(26) എന്നിവരാണ് കസ്റ്റഡിയിൽ ആയത്. ചിയ്യാനൂർ മാഞ്ചേരി പാടത്താണ് ശനിയാഴ്ച രാവിലെ എട്ട് അനധികൃത ഗ്യാസ് ഫില്ലിങ് കേന്ദ്രം പിടികൂടിയത്.

ഏതാനും ദിവസങ്ങളായി ചങ്ങരംകുളത്തെ ഭാരത് ഗ്യാസ് സിലിണ്ടർ കൊണ്ട് പോവുന്ന വാഹനം ഗ്യാസ് സിലിണ്ടറുമായി ആൾതാമസമില്ലാത്ത പ്രദേശത്തേക്ക് പോകുന്നത് ശ്രദ്ധയിൽ പെട്ടതോടെ വാർഡ് അംഗം മജീദും പ്രദേശത്തെ സിവിൽ പോലീസ് ഓഫീസർ ആയ മധുസൂധനനും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.
ചങ്ങരംകുളം പോലീസിന് നൽകിയ വിവരത്തെ തുടർന്ന് ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ,എസ്ഐ ഖാലിദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി ജീവനക്കാരായ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തത്. പ്രദേശത്തെ ഗ്യാസ് ഏജന്റാണ് നടത്തിപ്പുകാരനെന്നാണ് ജീവനക്കാർ നൽകിയ വിവരം. അപകടകരമായ രീതിയിൽ ഒരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ആണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.