കേരളത്തിൽ ബന്ദ് ഇല്ല, സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ പൊലീസ്
തിരുവനന്തപുരം: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകൾ ഇന്ന് ഭാരത് ബന്ദ് പ്രഖ്യാപിച്ചതായി പ്രചാരണമുണ്ടെങ്കിലും സംസ്ഥാനത്ത് ഒരു സംഘനകളും ബന്ദിന് ആഹ്വാനം നൽകിയിട്ടില്ല. സംസ്ഥാനത്ത് ബന്ദ് ഉണ്ടാകുമെന്ന സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കെതിരെ പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. പൊതുസ്വത്ത് നശിപ്പിക്കുന്നത് കർശനമായി നേരിടാനാണ് പൊലീസ് നിർദ്ദേശം . അക്രമങ്ങൾക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങൾ നിർബന്ധപൂർവ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ പൊലീസ് സേനയും ഇന്ന് മുഴുവൻ സമയവും സേവനസന്നദ്ധരായിരിക്കാൻ ഡി.ജിപി നിർദ്ദേശിച്ചിട്ടുണ്ട്.കോടതികൾ, വൈദ്യുതിബോർഡ് ഓഫീസുകൾ, മറ്റ് സർക്കാർ ഓഫീസുകൾ, സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കും. കെ.എസ്.ആർ.ടി.സി സർവീസ് നടത്തും . സ്വകാര്യ വാഹനങ്ങൾക്കും പൊലീസ് സംരക്ഷണം ഉണ്ടാകും.