പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു
മലപ്പുറം: സന്തോഷ് ട്രോഫിയില്‍ നിലവാരം കൊണ്ടും കാണികളുടെ എണ്ണം കൊണ്ടും അമ്പരപ്പിച്ച മലപ്പുറം പയ്യനാട് സ്റ്റേഡിയം കാടുമൂടി നശിക്കുന്നു. ഇരുപത് കോടി രൂപയുടെ വികസനപ്രവര്‍ത്തവനങ്ങള്‍ നടത്തുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും പ്രാഥമിക പരിപാലനം പോലും സന്തോഷ് ട്രോഫിക്ക് ശേഷം മൈതാനത്തില്‍ നടന്നിട്ടില്ല.

പയ്യനാട് സ്റ്റേഡിയം വിപുലീകരിക്കുന്നതിന് ബജറ്റില്‍ കൂടുതല്‍ പണം അനുവദിക്കുമെന്നും സര്‍ക്കാരിന്‍റെ എല്ലാ സഹായവും ഉണ്ടാകുമെന്നും സന്തോഷ് ട്രോഫി ഫൈനല്‍കാണാന്‍ ഇരമ്പിയെത്തിയ കാണികള്‍ക്ക് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മൈതാനത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ ദയനീയം. പുല്ലു നിറഞ്ഞിട്ട് നടക്കാന്‍ പോലും പറ്റാത്ത സ്ഥിതി. സൈഡ് ലൈനുകളൊന്നും കാണാനില്ല. കോര്‍ണര്‍ കിക്കെടുക്കുന്ന ഭാഗത്തും ഗോള്‍ പോസ്റ്റിന്‍റെ വശങ്ങളിലും മുട്ടറ്റം പുല്ലു വളര്‍ന്ന് ഇഴജന്തുക്കളുടെ കേന്ദ്രമായി.സന്തോഷ് ട്രോഫി മത്സരങ്ങള്‍ക്ക് മുന്നോടിയായി ലക്ഷങ്ങള്‍ മുടക്കിയായിരുന്നു കാട് വെട്ടി നവീകരണവും അറ്റകുറ്റപ്പണികളും നടന്നത്.എന്നാല്‍ വീണ്ടും പഴയ അവസ്ഥയിലേക്ക് പോവുകയാണ്.

സന്തോഷ് ട്രോഫി വരുന്നതിന് മുമ്പ് സ്റ്റേഡിയം കാടുപിടിച്ചു കിടിക്കുകായയിരുന്നുവെന്ന് സ്റ്റേഡിയം സംരക്ഷണ സമതി അംഗം സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഒരാള്‍ക്കുയരത്തിലായിരുന്നു പുല്ല് പൊന്തിയിരുന്നത്. അതിനുശേഷം നവീകരണം നടന്നു, സന്തോഷ് ട്രോഫ് കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും പഴയ അവസ്ഥയിലായി.

വെറും വാദ്ഗാനങ്ങള്‍ക്ക് പകരം മൈതാനം പരിപാലിച്ച് കൂടുതല്‍ പ്രാധാന്യമുള്ള മത്സരങ്ങള്‍ നിരന്തരം പയ്യനാട് എത്തിക്കണമെന്ന് കാണികള്‍ ആവശ്യപ്പെടുന്നു. സന്തോഷ് ട്രോഫി മത്സരങ്ങളിലെ കാണികളുടെ ബാഹുല്യം കൂടി കണക്കിലെടുത്താണ് കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നടത്തണമെന്ന ആവശ്യ ഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചത്. ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ രണ്ടാം ഹോം ഗ്രൗണ്ടായി മലപ്പുറം പരിഗണിക്കുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഉള്ള സ്റ്റേഡിയം ശരിയായി പരിപാലിക്കാന്‍പോലും അധികൃതര്‍ക്ക് താല്‍പര്യമില്ലെന്നതിന്‍റെ തെളിവാണ് പയ്യനാട് സ്റ്റേഡിയത്തിന്‍റെ ഇപ്പോഴത്തെ അവസ്ഥ.