തിരുനാവായയിൽ കെ റെയിൽ കുറ്റികൾ മാറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.
മലപ്പുറം: തിരുനാവായയില്‍ കെ റെയില്‍ കുറ്റികള്‍ ഇറക്കാനുള്ള ശ്രമം തടഞ്ഞ് നാട്ടുകാര്‍. തൊഴിലാളികള്‍ വാഹനത്തില്‍ നിന്നും ഇറക്കിയ കുറ്റികള്‍ തിരിച്ചു വാഹനത്തില്‍ തന്നെ കയറ്റി. എന്നാല്‍ സൂക്ഷിക്കാന്‍ വേണ്ടിയാണ് കെ റെയില്‍ കുറ്റികള്‍ കൊണ്ടുവെക്കുന്നതെന്നായിരുന്നു തൊഴിലാളികളുടെ പ്രതികരണം.
ഇത് കേള്‍ക്കാന്‍ നാട്ടുകാര്‍ കൂട്ടായില്ല. സ്വകാര്യവ്യക്തിയുടെ സ്ഥലത്തായിരുന്നു നേരത്തെ കുറ്റികള്‍ സൂക്ഷിച്ചിരുന്നത്. ഇത് റെയില്‍വേയുടെ അധീനതയിലുള്ള സ്ഥലത്തേക്ക് മാറ്റാനായിരുന്നു ശ്രമം. എന്നാല്‍ ഇത് നാട്ടുകാര്‍ തടയുകയായിരുന്നു. ഇത്തരത്തില്‍ വാഹനത്തില്‍ നിന്നും പുറത്തിറക്കിയ നൂറോളം കുറ്റികളാണ് തിരിച്ചുവാഹനത്തില്‍ കയറ്റിയത്.
അതേസമയം കുറ്റികള്‍ റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്റെ സ്ഥലത്തേക്ക് മാറ്റാനായിരുന്നു ശ്രമമെന്ന് കെ റെയില്‍ ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കി. ഇതിനായി അനുമതി വാങ്ങിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. പൊതുസ്ഥലമായതിനാല്‍ ഇവിടെ കുറ്റികള്‍ ഇറക്കുന്നതില്‍ തടസ്സമില്ല.
ഒടുവില്‍ നാട്ടുകാര്‍ തടഞ്ഞതിനാല്‍ കുറ്റികള്‍ നേരത്തെ വെച്ച സ്ഥലത്തേക്ക് തന്നെ മാറ്റി. കുറ്റികള്‍ എവിടെ സൂക്ഷിക്കുമെന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനാണ് നീക്കം.