Fincat

സംസ്ഥാനത്ത് 3886 പുതിയ കോവിഡ് കേസുകൾ കൂടി; 4 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3886 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നാലുപേർ രോഗബാധിതരായി മരിച്ചു. രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിലും വർധനവുണ്ടായി. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു.

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3. 94 ശതമാനമായി ഉയർന്നു. മഹാരാഷ്ട്രയിലെ മുംബൈയിലും പുണെയിലും ഒമിക്രോണിന്റെ ഉപവകഭേദങ്ങളാണ് വ്യാപിക്കുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. ഡൽഹിയിൽ ടിപിആർ ഏഴ് ശതമാനത്തിന് മുകളിലെത്തി.

അതേസമയം, രാജ്യവ്യാപക പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ സൗജന്യമായി വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകുകയാണ്. കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് പരിപാടിയുടെ പുതിയ ഘട്ടത്തിൽ വാക്‌സിനുകളുടെ 75 ശതമാനം കേന്ദ്ര സർക്കാർ സംഭരിക്കും.

2nd paragraph

ഇങ്ങനെ സംഭരിക്കുന്ന വാക്‌സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകും. കേന്ദ്ര സർക്കാർ സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 193.53 കോടിയിൽ അധികം (1,93,53,58,865) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്.

12.53 കോടിയിൽ അധികം (12,53,04,250) കോവിഡ് വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണെന്നും പിഐബി അറിയിച്ചു.