രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം പ്രതി ചേർത്ത് പൊലീസ്, ഒഴിവാക്കാൻ ശ്രമവുമായി സിപിഎം ജില്ലാ നേതൃത്വം


വയനാട്: കൽപറ്റയിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിൽ ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്‌റ്റാഫംഗം കെ. ആർ അവിഷിത്തിനെ പൊലീസ് പ്രതിചേർത്തു. എസ്‌എഫ്ഐ വയനാട് ജില്ലാ കമ്മറ്റി മുൻ വൈസ് പ്രസിഡന്റാണ് അവിഷിത്ത്. ആക്രമണത്തിന് നേതൃത്വം നൽകിയത് അവിഷിത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപണം ഉന്നയിച്ചിരുന്നു.

സംഭവത്തിൽ പിടിയിലായ 19 എസ്‌എഫ്‌ഐ പ്രവർത്തകരെ കൽപറ്റ മുൻസിഫ് കോടതി റിമാൻഡ് ചെയ്‌തു. രണ്ടാഴ്‌ചത്തേക്കാണ് റിമാൻഡ് ചെയ്‌തത്. ആകെ 25 പേർക്കെതിരെ കേസുണ്ട്. അതേസമയം അവിഷിത്തിനെ പ്രതിപട്ടികയിൽ നിന്നും ഒഴിവാക്കാൻ സിപിഎം ജില്ലാ നേതൃത്വം ശ്രമിക്കുന്നതായി സൂചനയുണ്ട്. സംഭവസ്ഥലത്ത് താമസിച്ചാണ് അവിഷിത്ത് എത്തിയതെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. അതേസമയം അവിഷിത്തിനെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയതായി അറിയില്ലെന്ന് മന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. മാത്രമല്ല ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം ആദ്യം പേഴ്‌സണൽ സ്‌റ്റാഫിൽ നിന്നും ഒഴിവാക്കിയിരുന്നതായാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. അതേസമയം അവിഷിത്തിന്റെ സംഭവത്തിലെ പങ്ക് പരിശോധിക്കുമെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയടക്കം പ്രതികരിച്ചത്. ബഫർ സോൺ വിഷയത്തിൽ ഒരു സമരത്തിനും എസ്‌എഫ്‌ഐ സംസ്ഥാന ഘടകം നിർദ്ദേശം നൽകിയിട്ടില്ലെന്നും അനുശ്രീ വ്യക്തമാക്കി.

ഇതിനിടെ വയനാട് ഡിസിസി ഓഫീസിൽ സംരക്ഷണത്തിനെത്തിയ പൊലീസുമായി കോൺഗ്രസ് പ്രവർത്തകർ രൂക്ഷമായ വാക്കേറ്റമുണ്ടായി. ആക്രമണമുണ്ടായ സമയത്തായിരുന്നു പൊലീസ് സംരക്ഷണം വേണ്ടിയിരുന്നതെന്നും ഇപ്പോൾ പൊലീസ് സംരക്ഷണം വേണ്ടെന്നുമാണ് പ്രവർത്തകരും നേതാക്കളും ഒരുപോലെ അറിയിച്ചത്. ഓഫീസിന്റെ ഗേറ്റിലേക്ക് ഒടുവിൽ പൊലീസ് സംഘം പിന്മാറി. രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് ഇന്നും വിവിധയിടങ്ങളിൽ പ്രതിഷേധിക്കുകയാണ്. കാഞ്ഞങ്ങാട് പ്രവർത്തകർ റോഡ് ഉപരോധിച്ചു.