Fincat

സമൂഹമാധ്യമങ്ങളില്‍ കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു



മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് കേസെടുത്തത്. സമൂഹമാധ്യമങ്ങള്‍ വഴി കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയതായി കാണിച്ച് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കേസെടുക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കമ്മീഷന്‍ സിറ്റിങില്‍ ഇതടക്കം 17 പരാതികള്‍ പരിഗണിച്ചു. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെവി മനോജ്കുമാര്‍ അംഗം സി.വിജയകുമാര്‍ എന്നിവരാണ് സിറ്റിങ് നടത്തിയത്. 14 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ഉത്തരവ് നല്‍കുന്നതിനായി മാറ്റി വെച്ചു. പരാതിക്കാര്‍ ഹാജരാകാത്തതിനാല്‍ രണ്ട് പരാതികള്‍ തള്ളി.

നിലമ്പൂര്‍ മുക്കട്ട എല്‍.പി സ്‌കൂളിന്റെ വാടക കെട്ടിടം സംബന്ധിച്ച പരാതിയാണ്  ഉത്തരവ് നല്‍കാനായി മാറ്റിവച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം ഉത്തരവ് നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. 85 വര്‍ഷമായി വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാടക സംബന്ധിച്ചും ഭൂമിയുടെ രേഖകള്‍ സംബന്ധിച്ചും ചില പരാതികള്‍ ഉയര്‍ന്നിരുന്നു. ശോചനീയവസ്ഥയിലുള്ള കെട്ടിടത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടു. ഭൂമി സംബന്ധിച്ച രേഖകളും മറ്റു കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷം റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.