വധശ്രമ കേസിൽ ഒളിവിലായിരുന്ന പ്രതി പൊന്നാനി പൊലീസിന്റെ പിടിയിൽ
മലപ്പുറം: പ്രണയവിവാഹത്തെ ചൊല്ലി സഹോദരിയുടെ മകളുടെ ഭർത്താവിനെ വധിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രത്രി പൊന്നാനി പൊലീസിന്റെ പിടിയിൽ. അഴീക്കൽ സ്വദേശി ഹംസത്താണ് (41) പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

ഹംസത്തിന്റെ സഹോദരിയുടെ മകൾ സഫൂറയുടെ ഭർത്താവ് നേരത്തേ മരിച്ചുപോയിരുന്നു. ഇവർക്ക് ഒരു വയസായ ആൺകുട്ടിയുണ്ട്. പൊന്നാനി എം.ഇ.എസിന് പിൻവശത്താണ് ഇവർ ഉമ്മയുമൊന്നിച്ച് വാടകയ്ക്ക് താമസിച്ചിരുന്നത്. ഇതിനിടെ അയൽവാസിയായ സവാദ് എന്ന യുവാവ് യുവതിയെ പ്രണയിക്കുകയും വീട്ടിലെത്തി വിവാഹം കഴിച്ചുതരാൻ ആവശ്യപ്പെടുകയും ചെയ്തു.
വീട്ടുകാർ സമ്മതിച്ചില്ലെങ്കിലും വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതിനെ തുടർന്ന് നിക്കാഹ് ചെയ്തു നൽകി. വിവാഹം കഴിഞ്ഞ സഫൂറയുമായി ഒരു ബന്ധവുമില്ലെന്ന് വീട്ടുകാർ അറിയിക്കുകയും ചെയ്തു. ഇതിനിടെ കുഞ്ഞിനെ കാണാനും സമ്മാനം നൽകാനും എത്തിയ ബന്ധുക്കളെ സവാദ് തിരിച്ചയച്ചു. ഇതിനെച്ചൊല്ലി സഫൂറയുടെ മാതാവ് ഏറെ ബഹളം വെച്ചിരുന്നു.
ഇതിനിടയിലാണ് മാതാവിന്റെ സഹോദരനായ ഹംസത്ത് വീട്ടിൽ അതിക്രമിച്ചു കയറി സവാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. വയറിന് കുത്തേറ്റ സവാദിന്റെ കുടൽ മുറിഞ്ഞിരുന്നു. പിടിച്ചു മാറ്റാൻ ശ്രമിച്ച സവാദിന്റെ സഹോദരനും മാരക പരുക്കേറ്റു. നിരവധി കേസുകളിൽ പ്രതിയായ ഹംസത്ത് സഹോദരിയുടെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഈ വധശ്രമം നടന്നത്.
തുടർന്ന് മുങ്ങിയ ഇയാളെ തൃശൂർ പൊലീസിന്റെ സഹായത്തോടെയാണ് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ പിടികൂടിയത്. വധശ്രമത്തിനിടയിൽ പരുക്ക് പറ്റിയ ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് അറസ്റ്റിലായത്.