രാങ്ങാട്ടൂർ സ്വദേശിയായ യുവതി വിദേശത്ത് മരിച്ച നിലയിൽ; ഭർതൃ പീഡനമെന്ന് ബന്ധുക്കൾ
മലപ്പുറം : മലപ്പുറം സ്വദേശിയായ യുവതിയെ അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി ബന്ധുക്കൾ. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയാണ് മരിച്ചത്. ഭർതൃപീഡനമാണ് മരണത്തിന് കാരണമെന്ന് കുടുംബം ആരോപിച്ചു.

ജൂൺ 11 നാണ് അഫീല മരിച്ചത്. ഭർത്താവ് തന്നെ മർദ്ദിച്ചുവെന്ന് അഫീല ജൂൺ 9 ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞിരുന്നു. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കരയുന്ന വോയ്സ് സന്ദേശവും മർദ്ദനം ഏറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി പറഞ്ഞു.

തുടർന്ന് ജൂൺ 11 ന് രാവിലെ മരിച്ചുവെന്ന് ഭർതൃവീട്ടുകാർ വിളിച്ചറിയിക്കുകയായിരുന്നു. അബുദാബിയിലുള്ള ഭർത്താവിന്റെ ബന്ധുക്കൾ അഫീലയുടെ മരണവുമായി ബന്ധപ്പെട്ട് പല കാരണങ്ങളാണ് പറയുന്നത് എന്നും യുവതിയുടെ കുടുംബം ആരോപിച്ചു.

മകളുടെ മരണത്തിൽ തങ്ങൾക്ക് നീതി ലഭിക്കണമെന്ന് അഫീലയുടെ പിതാവ് പറഞ്ഞു. മലപ്പുറത്തെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
