ചാലിയാറിൽ കുളിക്കടവിൽ നീർനായ ആക്രമണം; കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു.
മലപ്പുറം: ചാലിയാറിൽ കൂളിമാട് പാലത്തിന് സമീപം കുളിക്കടവിൽ നീർനായ ആക്രമണം. കുളിക്കാനിറങ്ങിയ രണ്ട് പേരെ നീർനായ കടിച്ചു. മപ്രം ബുഖാരിയ ഇന്റഗ്രേറ്റഡ് ഖുർആൻ കോളേജിന് സമീപമുള്ള കടവിലാണ് സംഭവം. അങ്ങാടിയിൽ ഉണ്ണിമോയിനെ നീർനായ ആക്രമിച്ചത്.

ഒപ്പം ഒരു വിദ്യാർത്ഥിനിക്കും കടിയേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാക്സീൻ നൽകി. ഒറ്റയാൻ നീർനായയാണ് ഇവരെ ആക്രമിച്ചത് . ഒരാഴ്ച മുമ്പ് എളമരം കടവ് മാവൂർ ഭാഗത്ത് നീർനായ ആക്രമണം ഉണ്ടായിരുന്നു.
ചാലിയാറിൽ നീർനായകൾ വിഹരിക്കുകയാണ് ഇപ്പോൾ. ചാലിയാർ പുഴയുടെ ഇരു കരയിലുള്ളവർക്ക് പുഴയിൽ ഇറങ്ങാൻ ഇപ്പോൾ നീർനായ കാരണം ഭയമാണ്. ഒരു വർഷം മുമ്പ് കുളിമാട് പാലത്തിനടുത്ത കടവിൽ നീർനായ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.
വെള്ളത്തിനടിയിലൂടെയുള്ള നീർനായ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രയാസമാണെന്നാണ് നാട്ടുകാർ പറയുന്നത്. നീർനായയുടെ ആക്രമണത്തിന് പരിഹാരം തേടി അധികൃതരെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ് നാട്ടുകാർ.