വളാഞ്ചേരിയിൽ വാഹനത്തിൽ രഹസ്യമായി സൂക്ഷിച്ച കുഴൽപ്പണം പിടികൂടി
മലപ്പുറം: മിനി ഗുഡ്സ് വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമായി രഹസ്യമായി സൂക്ഷിച്ച് കടത്താൻ ശ്രമിച്ച 71,50,000 രൂപയുടെ കുഴൽപണുവമായി ഡ്രൈവറും സഹായിയും പിടിയിൽ. കൊപ്പം സ്വദേശിയായ കല്ലിങ്ങൽ ശംസുദ്ധീനേയും(42), സഹായിയായി വാഹനത്തിൽ ഉണ്ടായിരുന്ന കൊച്ചം ഇടത്തോളിൽ അബ്ദുൽ ജബ്ബാറിനെയും(36)അറസ്റ്റ് ചെയ്തത്.

മലപ്പുറം വളാഞ്ചേരിയിൽ ഇന്ന് പുലർച്ചെ 3.20ഓടെയാണ് സംഭവം. അശോക് ലേയ്‌ലൻഡ് മിനി ഗുഡ്സ് വാഹനത്തിലാണ് കള്ളപ്പണം വിവിധ കെട്ടുകളാക്കി കടലാസുകൊണ്ടുപൊതിഞ്ഞ് സെല്ലോടാപ്പ് കൊണ്ട് ഒട്ടിച്ച് രഹസ്യ അറയിൽ സൂക്ഷിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ വളാഞ്ചേരി ജംഗ്ഷനിൽ വെച്ച് വളാഞ്ചേരി എസ്.എച്ച്.ഒ യും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് കെ.എൽ-51. എം. 3235 അശോക് ലേയ്‌ലൻഡ് മിനി ഗുഡ്സ് വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലും ആയി രഹസ്യമായി സൂക്ഷിച്ചിരുന്ന 71,50,000 അനധികൃത കുഴൽപണം പിടിച്ചെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സ്ഥിരം കുഴപ്പണമാഫിയകളുമായി ബന്ധമുള്ളവരാണ് പ്രതികളെന്നുമാണ് സംശയിക്കുന്നത്. രഹസ്യവിവരം ലഭിച്ചതിനാൽ തന്നെ ഇത്തരത്തിലുള്ള സംഘങ്ങളുടെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് വിവരം. പണം എവിടുന്നു ലഭിച്ചു.

ആർക്ക് എത്തിക്കാൻ ആയിരുന്നു തുടങ്ങിയ വിവരങ്ങൾ പ്രതികളെ കൂടുതൽ ചോദ്യംചെയ്യുന്നതിലൂടെ സ്ഥിരീകരിക്കും. ഇതുസംബന്ധിച്ച സൂചനകൾ പൊലീസിന് നേരത്തെ ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ചോദ്യംചെയ്തു സ്ഥീരീകരിച്ച ശേഷമെ മറ്റുകാര്യങ്ങൾ പറയാൻ കഴിയുവെന്നും പൊലീസ് വ്യക്തമാക്കി.