ആളെ കിട്ടിയോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ; എകെജി സെന്റർ ആക്രമണ കേസിലെ പ്രതിയെ പിടിക്കാനാകാതെ നാണംകെട്ട് പൊലീസും; അഞ്ചാംദിനം പ്രതീക്ഷ സ്‌കൂട്ടർ വിൽക്കുന്ന ഡീലർമാരിൽ
തിരുവനന്തപുരം: ആളെ കിട്ടിയോ? ഇതാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചോദ്യം. സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 4 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടിക്കാൻ കഴിയാത്തതു പൊലീസിനു നാണക്കേടായി മാറുന്നുവെന്നതാണ് വസ്തുത. സിപിഎമ്മിനും തലവേദനയാണ്. എന്നാൽ കേസ് അന്വേഷണത്തിൽ ഒരു തുമ്പും കിട്ടിയില്ല.
അതിനിടെ പൊലീസിനെതിരേയും സംശങ്ങൾ ഉയർന്നു. എന്നും രാത്രി എകെജി സെന്ററിന്റെ രണ്ടാം ഗേറ്റിന് മുമ്പിൽ പൊലീസ് ജീപ്പ് ഒതുക്കിയിടാറുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചിരുന്നു. എന്നാൽ അക്രമി എത്തിയ അന്ന് ജീപ്പുണ്ടായിരുന്നില്ല. ജീപ്പുണ്ടായിരുന്നുവെങ്കിൽ പ്രതിയെ പിന്തുടർന്ന് പിടിക്കാൻ കഴിയുമായിരുന്നു. ഇതുണ്ടായില്ല. അവിടെ ഉണ്ടായിരുന്ന പൊലീസും പ്രതിയെ പിടിക്കാൻ ഒന്നും ചെയ്യാതെ കാഴ്ചക്കാരായി. ഇതെല്ലാം പൊലീസിന് തലവേദനയാണ്. കോൺഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് ഇടതു കൺവീനർ ഇപി ജയരാജൻ ആരോപിച്ചിരുന്നു. എന്നാൽ ഇപ്പോൾ സിപിഎമ്മുകാർ കോൺഗ്രസിനെ കുറ്റപ്പെടുത്തുന്നുമില്ല.
എകെജി സെന്റർ ആക്രമണത്തിൽ 2 ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിൽ 12 അംഗ പ്രത്യേക സംഘവും തലസ്ഥാനത്തെ പൊലീസ് സംവിധാനമാകെയും ശ്രമിച്ചിട്ടും ഇതുവരെ പ്രതിയെ തിരിച്ചറിയാനോ ഓടിച്ച വാഹനത്തിന്റെ നമ്പർ കണ്ടെത്താനോ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പ്രാധാന്യം ഏറെയുള്ള കേസ് ആയതിനാൽ കരുതലോടെയാണു പൊലീസ് അന്വേഷണം. ടിവിഎസിന്റെ പ്രത്യേക മോഡൽ സ്‌കൂട്ടറിലെത്തിയായിരുന്നു ബോംബാക്രമണം. ഈ സ്‌കൂട്ടറുള്ള ഉടമകളുടെ ലിസ്റ്റ് പരതിയാൽ പോലും പ്രതിയിലേക്ക് എത്താനാകും. ഇതും പൊലീസ് ചെയ്യുന്നില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു.
അതിനിടെ വാഹനത്തെയും ഉടമയെയും തിരിച്ചറിയാൻ മോട്ടർവാഹന വകുപ്പിന്റെയും പ്രതി ഓടിച്ച ഇനം സ്‌കൂട്ടർ വിൽക്കുന്ന ഡീലർമാരുടെയും സഹായം പൊലീസ് തേടി. സംഭവ സമയത്ത് എകെജി സെന്ററിനു സമീപത്തെ ടവർ ലൊക്കേഷനിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണുകളുടെ ഉടമകളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. കൃത്യത്തിനു ശേഷം പ്രതി മടങ്ങിപ്പോയ വഴിയിലെയും ഇടറോഡുകളിലെയും മുഴുവൻ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. വലിയ ഗൂഢാലോചനയാണ് ആക്രമണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചിരുന്നു.
എകെജി സെന്ററിന്റെ പ്രധാന കവാടത്തിലെയും സ്‌ഫോടക വസ്തുവെറിഞ്ഞ സമീപത്തെ ഗേറ്റിലെയും ക്യാമറകളിൽ സ്‌കൂട്ടർ നമ്പർ തെളിഞ്ഞിട്ടില്ല. ആ പ്രദേശത്തെ വഴിവിളക്കുകൾ കത്താതിരുന്നതും ദൃശ്യങ്ങൾ ലഭിക്കാൻ തടസ്സമായെന്നു പൊലീസ് പറയുന്നു. സംഭവസമയത്ത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ വീഴ്ചയും അന്വേഷിക്കുന്നുണ്ട്. ഈ പൊലീസുകാർക്കെതിരെ നടപടി വരാനും സാധ്യതയുണ്ട്. പ്രതിപക്ഷ വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ് ഇത്.
കമ്മീഷണറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിൽ, അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിൽ മുതിർന്ന ഉദ്യോഗസ്ഥർ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. കമ്മീഷണറും അതൃപ്തനാണ്. സംഭവം നടന്നത് മുതൽ നഗരം മുഴുവൻ അരിച്ചുപെറുക്കിയിട്ടും പ്രതിയെ കിട്ടാത്തത് പൊലീസിന് വലിയ നാണക്കേടായി. ഒരു ചുമന്ന സ്‌കൂട്ടറിൽ സഞ്ചരിച്ചയാളാണ് പ്രതിയെന്നാണ് പൊലീസ് പറയുന്നത്. ഈ സ്‌കൂട്ടറിൽ സഞ്ചരിച്ചയാളെ കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾക്ക് മറ്റൊരാളുടെ സഹായം ലഭിച്ചെന്ന നിഗമനത്തിലേക്ക് എത്തുന്നത്.
എകെജി സെന്ററിലെ സിസിടിവിയിൽ സ്‌ഫോടക വസ്തു എറിഞ്ഞയാൾ എത്തിയ സ്‌കൂട്ടിറിന്റെ മുന്നിൽ ഒരു കവർ തൂക്കിയിട്ടുണ്ട്. ഇത് സ്‌ഫോക വസ്തു കൊണ്ടുവന്ന കവറാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേ വാഹനം രണ്ട് പ്രാവശ്യം എകെജി സെന്ററിന്റെ മുന്നിലേക്ക് പോയിട്ടുണ്ടെന്ന് ജനറൽ ആശുപത്രിയിലെ ഒരു സ്ഥാപനത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് മനസിലാക്കി. അപ്പോൾ ഈ സ്‌കൂട്ടിറിൽ കവറില്ല. പൊലീസുകാർ എകെജി സെന്ററിന് മുന്നിലുള്ളത് മനസിലാക്കിയ അക്രമി കുന്നുകുഴി വഴി വന്ന് സ്‌ഫോടക വസ്തു എറിഞ്ഞതാകാമെന്നാണ് നിഗമനം.
ഇതിനിടെ ആരോ സ്‌ഫോടക വസ്തു നിറഞ്ഞ കവർ അക്രമിക്ക് കൈമറിയിട്ടുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. എന്നാൽ, ഇത്തരം നിഗമനങ്ങളല്ലാതെ ആരാണ് സംഭവത്തിന് പിന്നിലെന്നതിനെ കുറിച്ച് ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെയാണ് എകെജി സെന്റർ ആക്രമിച്ചതെന്നും, ആസൂത്രകരാണു പ്രതിയെ ഒളിപ്പിച്ചു നിർത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിച്ചിട്ടുണ്ട്. എകെജി സെന്ററിനു നേരെ നടന്ന ആക്രമണം ഒരു ദിവസം കൊണ്ടുണ്ടായതല്ലെന്നു പിണറായി വിജയൻ പറഞ്ഞു. ഒരു വാഹനം എകെജി സെന്റററിനു മുന്നിൽ വന്നതായി വിഡിയോയിൽ കാണുന്നുണ്ട്. വാഹനത്തിലെത്തിയ ആൾ പൊലീസില്ലാത്ത സ്ഥലം കണ്ടെത്തിക്കാണും. വാഹനത്തിലെത്തിയ ആൾ കൃത്യമായി കാര്യങ്ങൾ മനസിലാക്കിയാണ് സ്‌ഫോടകവസ്തു എറിഞ്ഞശേഷം പോകുന്നത്.
എകെജി സെന്ററിനു മുന്നിൽ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിനു വീഴ്ച വന്നിട്ടുണ്ടോ എന്നു പരിശോധിക്കും. ഏതെങ്കിലും ആളെ പിടിക്കാനല്ല, കുറ്റം ചെയ്ത ആളെ പിടിക്കാനാണ് പൊലീസ് നോക്കുന്നത്. കുറ്റവാളിയിലേക്ക് എത്താൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിസിടിവി പരിശോധന ഗൗരവത്തോടെ നടക്കുന്നുണ്ട്; മെല്ലെപോക്ക് അക്കാര്യത്തിലില്ല. എകെജി സെന്റർ തകർക്കുമെന്നു സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടാൽ പൊലീസിനു ചോദ്യം ചെയ്യേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.