പ്രവാസി മലയാളി യുവാവ് താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ
റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവിനെ താമസ സ്ഥലത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. റിയാദിന് സമീപം അൽഖർജിൽ കലാകായിക രംഗത്തെ സജീവസാന്നിധ്യം പാലക്കാട് പട്ടാമ്പി വാരണാംകുർശ്ശി സ്വദേശി കുഞ്ഞു മുഹമ്മദ് എന്ന കുഞ്ഞു (33) ആണ് മരിച്ചത്. ബുധനാഴ്‌ച്ച പുലർച്ചെയാണ് താമസ സ്ഥലത്തു തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പിതാവ് തുടങ്ങി വെച്ച കൺസ്ട്രക്ഷൻ മേഖലയുമായി ബന്ധപ്പെട്ട ബിസിനസ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം. മികച്ച ഫുട്‌ബോൾ കളിക്കാരനും നല്ല സംഘാടകനുമായിരുന്ന കുഞ്ഞു അൽ ഖർജ് നൈറ്റ് റൈഡർസ് ക്ലബ്ബിന്റെ നേതൃനിരയിലും പ്രവർത്തിച്ചിട്ടുണ്ട്. വെള്ളിയാഴ്‌ച്ച നടക്കാനിരുന്ന ഫുട്‌ബോൾ ടൂർണ്ണമെന്റിലേക്കുള്ള ടീമിന്റെ ജേഴ്‌സിയടക്കം ഇദ്ദേഹം ഒരുക്കിവെച്ചിരുന്നു.
പുത്തൻ പീടിയേക്കൽ അലിയാണ് പിതാവ്. ഉമ്മ സുലൈഖ. ഭാര്യ സുൽഫത്ത്. ഹയാൻ ഏക മകനാണ്. അബ്ദുൽ അസീസ്, ഷഹനാസ് അലി സഹോദരങ്ങളാണ്. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ഹോസ്പിറ്റലിൽ മോർച്ചറിയിലാണ്. നടപടി ക്രമങ്ങളുമായി സാമൂഹ്യ പ്രവർത്തകർ രംഗത്തുണ്ട്.