യുവകലാസാഹിതികൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ.സച്ചിദാനന്ദന്

മലപ്പുറം: ഈ വര്‍ഷത്തെ യുവകലാസാഹിതി കൊളാടി ഗോവിന്ദന്‍കുട്ടി സ്മാരക സാഹിത്യ പുരസ്‌കാരം കവി കെ. സച്ചിദാനന്ദന് നല്കുവാന്‍ പുരസ്‌കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചു. ആധുനിക മലയാള കവിതയെ ലോക പദത്തിലെത്തിച്ച വലിയ കവികളില്‍ ഒരാളാണ് കവി കെ. സച്ചിദാനന്ദന്‍. കവിതയുടെ രൂപശില്പത്തേയും  പ്രമേയത്തേയും അദ്ദേഹം ഏറ്റവും ആധുനികമായ രീതിയില്‍ നവീകരിച്ചു. കവിത ചരിത്രത്തോടേറ്റുമുട്ടുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് പുതിയ കാലത്ത് ലോകത്തെ മാറ്റിപ്പണിയാന്‍ പോന്ന നിയാമക വിപ്ലവ ബലമാക്കി കവിതയെ മാറ്റുന്നതില്‍ മുന്നില്‍ നിന്ന പുതിയ കവികളിലൊരാളാണ് സച്ചിദാനന്ദന്‍. കവിതയെ മാത്രമല്ല മലയാള ചിന്തയേയും ആധുനികീകരിക്കുകയും സമഗ്രമായ പുരോഗമന പക്ഷത്തേക്ക് നിരന്തരം വിശകലനം ചെയ്തു കൊണ്ട് വലിച്ചടുപ്പിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് മാനവികതയെ സര്‍ഗ്ഗാത്മകമായി നവീകരിക്കുന്നതായിരുന്നു എക്കാലത്തും സച്ചിദാനന്ദന്റെ എഴുത്തും പ്രഭാഷണവും ചിന്തകളും . എല്ലാ അര്‍ത്ഥത്തിലും മലയാളത്തിന്റെ പുരോഗമന ചിന്തയെ കവിതയിലൂടെ, പ്രഭാഷണങ്ങളിലൂടെ, ചിന്തകളിലൂടെ, നിരന്തര സംവാദങ്ങളിലൂടെ നവീകരിച്ചു കൊണ്ടേയിരിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. നിരന്തരം ചലനവത്താണ് സച്ചിദാനന്ദന്റെ സര്‍ഗ്ഗജീവിതം. എപ്പോഴും കാലത്തിനൊപ്പം ഉണര്‍ന്നിരിക്കുന്ന സര്‍ഗ്ഗാത്മകവും സാമൂഹ്യവുമായ ജാഗ്രതയാണ് സച്ചിദാനന്ദന്‍ എന്ന എഴുത്തുകാരന്റെ സാംസ്‌കാരികമായ അന്തര്‍ബ്ബലം.

കൊളാടി ഗോവിന്ദന്‍കുട്ടി മലയാള ചിന്തയില്‍ കമ്മ്യൂണിസ്റ്റ് മാനവികതയെ നവീകരിച്ചു പോന്ന എഴുത്തുകാരനും ചിന്തകനും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനുമാണ്. പൊന്നാനിക്കളരിയുടെ സാഹിത്യാവബോധത്തിലൂന്നി നിന്നുകൊണ്ട് കമ്മ്യൂണിസ്റ്റ് മാനവികതക്ക് പുതിയ ഭാര്‍ശനികവും മാനവികവുമായ മുഖം നല്കാന്‍ കൊളാടിക്ക് സാധിച്ചിട്ടുണ്ട്. ദീര്‍ഘകാലം മലയാള പുരോഗമന ചിന്തയുടെ പടവാളായി നിന്ന, ജീവിതത്തിലും പ്രവര്‍ത്തനത്തിലും ചിന്തയിലും അടിമുടി വിപ്ലവകാരിയായിരുന്ന കൊളാടി ഗോവിന്ദന്‍കുട്ടിയുടെ പേരിലുള്ള ഈ വര്‍ഷത്തെ സാഹിത്യ പുരസ്‌കാരം ആ വഴികളെ അതിനു ശേഷം ഏറ്റവും നവീകരിച്ച സാംസ്‌കാരിക നായകനായ സച്ചിദാനന്ദന് നല്കുന്നതില്‍ അനല്പമായ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് ആലങ്കോട് ലീലാകൃഷ്ണന്‍ (ചെയര്‍മാന്‍), ഇ.എം.സതീശന്‍ (കണ്‍വീനര്‍), പി.പി. സുനീര്‍, പി.കെ.കൃഷ്ണദാസ്, അജിത് കൊളാടി എന്നിവര്‍ അംഗങ്ങളായ പുരസ്‌കാര നിര്‍ണ്ണയ സമിതി പ്രസ്താവിച്ചു. പതിനയ്യായിരം രൂപയും (15,000 /  രൂപ ) പ്രശസ്തിപത്രവും ഫലകവുമടങ്ങുന്നതാണ്  പുരസ്‌കാരം. കൊളാടിയുടെ പത്തൊന്‍പതാം ചരമവാര്‍ഷിക ദിനമായ ആഗസ്റ്റ് 13 ന് വൈകീട്ട് 5 മണിക്ക് പുതിയിരുത്തിയില്‍ ചേരുന്ന അനുസ്മരണ സമ്മേളത്തില്‍ വെച്ച് പുരസ്‌കാര ദാനം നിര്‍വ്വഹിക്കുന്നതാണ്.