ചികിത്സ തേടിയെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

മലപ്പുറം: പട്ടിക്കാട് ചികിത്സക്കെത്തിയ യുവതിയെ ഡോക്ടർ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പട്ടിക്കാട് ചുങ്കം ജെ ജെ ക്ലിനിക്ക് ഉടമയും കീഴാറ്റൂർ സ്വദേശിയുമായ ചെട്ടിയാൻതൊടി ഷരീഫിനെ യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തു. മേലാറ്റൂർ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ മാസം രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പീഡനത്തിരയായ യുവതി കഴിഞ്ഞ 5 വർഷമായി ഷരീഫിന്റെ ക്ലിനിക്കിൽ ചികിത്സ തേടുന്ന രോഗിയാണ്.  സംഭവം നടന്ന ദിവസം യുവതിക്ക് നേരത്തെ ഉണ്ടായിരുന്ന മറ്റൊരു രോഗത്തിന് പരിശോധിക്കാനെന്നോണം ബലമായി കിടത്തി, പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. യുവതിയുടെ പരാതിയിൽ മേലാറ്റൂർ പോലീസ് കേസെടുത്ത് ഇയാളേ അറസ്റ്റ് ചെയ്തു. പ്രതിയായ സി ടി ഷെരീഫ് പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റാണ്.

“ഡോക്ടർ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി ലഭിച്ചത്. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ അസിസ്റ്റന്റ് നെഫ്രോളജിസ്റ്റായ ഇയാള്‍ 5 മുതൽ 9 വരെ ഉള്ള സമയത്ത് ആണ് പട്ടിക്കാട് ജെ ജെ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നത്. പരാതിക്കാരിയായ യുവതി 5 വർഷമായി ഇയാളുടെ കീഴിൽ ചികിത്സ തേടുന്ന ആളാണ്. മുൻപ് ഉണ്ടായിരുന്ന, പിന്നീട് ഭേദമായ അസുഖത്തിന് പരിശോധിക്കാൻ ഡോക്ടർ ബലമായി ശ്രമിച്ചു എന്ന് ആണ് പരാതി. യുവതി എതിർത്തിട്ടും ഡോക്ടർ അങ്ങനെ ചെയ്തു എന്നാണ് പരാതി. “- മേലാറ്റൂർ സി ഐ ഷാരോൺ പറഞ്ഞു.
പൊന്നാനി കോടതിയിൽ ഹാജരാക്കിയ രണ്ടാഴ്ച പ്രതിയെ റിമാൻഡ് ചെയ്തു.