എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ
പാലക്കാട്: എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണൻ അറസ്റ്റിൽ. ആദിവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്. എസ്സി – എസ്ടി അട്രോസിറ്റി ആക്ട് പ്രകാരമാണ് പാലക്കാട് ഷോളയാർ പൊലീസ് അജി കൃഷ്ണനെ അറസ്റ്റ് ചെയ്തത്. ഔഷധ കൃഷി നടത്താൻ എന്ന പേരിലാണ് ഭൂമി കൈയേറാൻ ശ്രമിച്ചത്.

2021 ജൂൺ 21 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അജി കൃഷ്ണൻ ഉൾപ്പെടെയുള്ള എച്ച്.ആർ.ഡി.എസ് ജീവനക്കാർ ആദിവാസി ഭൂമി കൈയേറുകയും ആദിവാസികളുടെ കുടിലുകൾ കത്തിക്കുകയും ചെയ്തിരുന്നു. അന്ന് എച്ച്.ആർ.ഡി.എസിനൊപ്പമാണ് പൊലീസ് നിന്നത്. രണ്ടാഴ്ച മുമ്പ് മാധ്യമങ്ങൾ വാർത്ത നൽകിയതിനെ തുടർന്ന് സർക്കാർ ഇടപെടുകയായിരുന്നു എച്ച്.ആർ.ഡി.എസുമായി ബന്ധപ്പെട്ട കൂടുതൽ പേർ കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ അറസ്റ്റിലാകുമെന്നാണ് സൂചന.
ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് ജോലി നൽകിയ സ്ഥാപനമാണ് എച്ച്.ആർ.ഡി.എസ്. വിവാദങ്ങളെ തുടർന്ന് സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസ് അടുത്തിടെ ജോലിയിൽ നിന്ന് നീക്കിയിരുന്നു. ആദിവാസി മേഖലകളിൽ അനധികൃത ഇടപെടലുകൾ നടത്തുവെന്ന രീതിയിലുള്ള നിരവധി ആരോപണങ്ങളും പരാതികളും എച്ച.ആർ.ഡി.എസിനെതിരെ നിലവിലുണ്ട്.