ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ; സമ്മാനത്തുക 25 കോടി
തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാന തുകയുമായി ഓണം ബംപർ. സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചതോടെ ഓണം ബംപറിന്റെ സമ്മാന തുക ലോട്ടറി വകുപ്പ് 25 കോടിയായി ഉയർത്തി. നിലവിൽ 12 കോടി രൂപയാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനമായി നൽകുന്നത്. ഈ വരുന്ന ഓണത്തിന് അത് 25 കോടിയായി ഉയരും.
ഇതടക്കം 126 കോടിയുടെ സമ്മാനമാണ് ഈ ഓണക്കാലത്ത് ലഭിക്കുക. രാജ്യത്ത് തന്നെ ഒറ്റ ടിക്കറ്റിൽ ഇത്രയും ഉയർന്ന തുക ഒന്നാം സമ്മാനമായി നൽകുന്നത് ഇതാദ്യമാണ്. ഓണത്തോടനുബന്ധിച്ച് ഇറക്കുന്ന തിരുവോണം ബമ്പറിൽ മൊത്തം 126 കോടി രൂപ സമ്മാനമായി നൽകാനുള്ള നിർദേശത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്.
സമ്മാന തുക ഉയരുന്നതിനൊപ്പം ടിക്കറ്റ് വിലയും ഉയരും. 300 രൂപയായിരുന്ന ടിക്കറ്റിന്റെ വില ഈ ഓണക്കാലത്ത് 500 രൂപയായാണ് ഉയരുക. ജൂലൈ 18നാണ് ടിക്കറ്റ് വിൽപ്പന ആരംഭിക്കുക. സെപ്റ്റംബർ 18നാണ് നറുക്കെടുപ്പ് . അഞ്ചുകോടി രൂപയാണ് രണ്ടാം സമ്മാനം. ഒരു കോടി വീതം പത്തുപേർക്കാണ് മൂന്നാം സമ്മാനമായി നൽകുക. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 2.50 കോടി രൂപ കമ്മീഷനായി ലഭിക്കും.
നാലുലക്ഷം സമ്മാനങ്ങളാണ് നൽകുക. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് സമ്മാനങ്ങളുടെ എണ്ണത്തിൽ രണ്ടുമടങ്ങിന്റെ വർധനയുണ്ടാകും. സമ്മാനത്തുകയിൽ 72 കോടി രൂപയുടെ വർധനയാണ് ഉണ്ടാവുക. സമാശ്വാസ സമ്മാനമായി അഞ്ചുലക്ഷം രൂപ വീതം ഒൻപത് പേർക്ക് നൽകും. ഇതിന് പുറമേ ഒരു ലക്ഷം രൂപ വീതം 90 പേർക്കും 5000 രൂപ വീതം 72,000 ടിക്കറ്റുകൾക്കും സമ്മാനമായി നൽകും.
സമ്മാനത്തുക വർധിപ്പിക്കുന്നത് ടിക്കറ്റിന്റെ സ്വീകാര്യതയും പ്രചാരവും കൂട്ടുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. അതേസമയം, വില വർധിപ്പിക്കുന്നത് വിൽപനയെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.