തിരൂരിലെ ആർഎംഎസ് കേന്ദ്രം നിലനിർത്താൻ ഇടപെടണം; മുഖ്യമന്ത്രിക്ക് സിപിഐ എം കത്ത് നൽകി
മലപ്പുറം: ചെലവ് ചുരുക്കലിന്റെ പേരിൽ അടച്ചുപൂട്ടാൻ നീക്കം നടക്കുന്ന തിരൂരിലെ ആർഎംഎസ് കേന്ദ്രം നിലനിർത്താൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ് കത്തയച്ചു. ജില്ലയിലെ ഏക ആർഎംഎസ് കേന്ദ്രമാണ് ഇത്. 1973ലാണ് തിരൂർ റെയിൽവേ സ്‌റ്റേഷനിൽ കേന്ദ്രം ആരംഭിച്ചത്. ജില്ലയിലെ 57 പോസ്റ്റ് ഓഫീസുകളിലെ കത്തുകളാണ് ഇവിടെ എത്തിക്കുന്നതും തരംതിരിച്ചു കൊണ്ടുപോകുന്നതും. ട്രെയിൻവഴി വരുന്ന കത്തുകളും പോകുന്നത് ഈ കേന്ദ്രം വഴിയാണ്. ദിവസവും ശരാശരി നാലായിരത്തോളം കത്തുകളാണ് ഇവിടെയെത്തുന്നത്. ഈ കേന്ദ്രം പൂട്ടിയാൽ ജില്ലയിലെ കത്തുകൾ കോഴിക്കോട്ടുള്ള കേന്ദ്രത്തിലേക്ക് അയക്കേണ്ടിവരും. ഇത് തപാൽ ഉരുപ്പടികൾ മേൽവിലാസക്കാരന് ലഭിക്കാൻ ദിവസങ്ങളോളം കാത്തുനിൽക്കേണ്ട അവസ്ഥയുണ്ടാക്കുമെന്നും കത്തിൽ പറയുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ആർഎംഎസ് കേന്ദ്രം തിരൂരിൽതന്നെ നിലനിർത്താനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ സെക്രട്ടറി കത്തിൽ ആവശ്യപ്പെട്ടു.