കാറുകള്‍ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു; നാല് പേർക്ക് പരിക്ക്
പത്തനംതിട്ട: അടൂർ എംസി റോഡിൽ ഏനാത്ത് ഭാഗത്ത് മാരുതി കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. അപകടത്തിൽപ്പെട്ട രണ്ടാമത്തെ കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്ക്. ആറ്റിങ്ങൽ മടവൂര്‍ വലംപിരിപിള്ളി മഠത്തില്‍ രാജശേഖരന്‍ ഭട്ടതിരി(66), ഭാര്യ ശോഭ (62), മകൻ നിഖിൽ രാജ്(32) എന്നിവരാണ് മരിച്ചത്.
ചടയമംഗലം അനസ്സ് മന്‍സിലിൽ അനസ്സ് (26) മേലേതില്‍ വീട്ടില്‍ ജിതിന്‍ (26), അജാസ് മന്‍സിലിൽ അജാസ് (25), പുനക്കുളത്ത് വീട്ടില്‍ അഹമ്മദ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് നിഖില്‍ രാജിനെ കോട്ടയം മെഡിക്കല്‍ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് നാല് പേരെയും അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടവൂര്‍ ഭാഗത്ത് നിന്നും പന്തളം കുളനട ഭാഗത്തേക്ക് യാത്ര ചെയ്‌തിരുന്ന സെലിറിയോ കാറും എതിര്‍ദിശയില്‍ നിന്ന് വന്ന ബ്രസ കാറുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. സെലേറിയോ കാറില്‍ യാത്ര ചെയ്‌തിരുന്നവരാണ് മരിച്ചത്.
കാറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങളും തകര്‍ന്നു. അടൂർ ഫയർ ഫോഴ്‌സും, കൊട്ടാരക്കര ഫയർ ഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷപ്രവർത്തനം നടത്തിയത്.