കൊറിയര്‍ കമ്പനി ഇരുപത്തി അയ്യായിരം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്


മലപ്പുറം; കൊറിയര്‍ കമ്പനി വഴി അയച്ച മല്‍ഗോവ മാങ്ങ വിലാസക്കാരന് നല്‍കാതെ പതിനായിരം രൂപയിലധികം നഷ്ടമുണ്ടാക്കിയ സ്ഥാപനം ഇരുപത്തി അയ്യായിരം രൂപ പരാതിക്കാന് നഷ്ടപരിഹാരമായി നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്കപരിഹാരം ഫോറം പ്രസിഡന്റ് അഡ്വ കെ മോഹന്‍ദാസ് ഉത്തരവായി.
പാണ്ടിക്കാട് പൂളമണ്ണ ലക്ഷി മില്‍സ് ഉടമ ടി വി പ്രകാശ് ഡി ടി ഡി സി കൊറിയര്‍ കമ്പനിക്കെതിരെ നല്‍കിയ പരാതിയിലാണ് ഈ ഉത്തരവ്.
താന്‍ കൃഷിചെയ്തുണ്ടാക്കിയ മല്‍ഗോവ മാങ്ങ കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് അയക്കാന്‍ 2021 മെയ് മാസം രണ്ടാം വാരത്തിലാണ് പ്രകാശ് പ്രസ്തുത കൊറിയര്‍ കമ്പനിയില്‍ ബുക്ക് ചെയ്തത്. എന്നാല്‍ വിലാസക്കാര്‍ക്ക് മാങ്ങ എത്തിച്ചു നല്‍കുന്നതില്‍ കൊറിയര്‍ കമ്പനി പരാജയപ്പെടുകയും ഇടപാടുകാര്‍ നഷ്ടപ്പെടുകയും ചെയ്തതായി പ്രകാശ് ഫോറത്തില്‍ ബോധിപ്പിച്ചു. അയച്ച സാധനങ്ങള്‍ ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചില്ലെന്ന കാര്യം കൊറിയര്‍ കമ്പനിയെ ഇ മെയില്‍ വഴിയും ഫോണ്‍വഴിയും അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കമ്പനി അത് അവഗണിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു. നഷ്ടപരിഹാരം നല്‍കാന്‍ വൈകിയതിന് പിഴയായി കൊറിയര്‍ കമ്പനി 255 രൂപ വേറെയും പരാതിക്കാരന് നല്‍കണം. തുകക്കുള്ള ചെക്ക് പരാതിക്കാരനായ ടി വി പ്രകാശ് ഇന്നലെ (ജൂലായ് 13) ഫോറം ഓഫീസില്‍ നിന്ന് കൈപ്പറ്റി