Fincat

ബസ്സിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥിനി കൈകാര്യം ചെയ്തു

സുൽത്താൻബത്തേരി: ബസ്സിൽ തൊട്ടടുത്ത സീറ്റിലിരുന്ന് അപമര്യാദയായി പെരുമാറിയ യുവാവിനെ കൈകാര്യം ചെയ്ത് വിദ്യാർത്ഥിനി. യുവാവിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി പൂമല തൊണ്ടന്‍മല ടി.എം. ഫിറോസിനെയാണ് (38) പനമരം പോലീസ് അറസ്റ്റുചെയ്തത്.

മാനന്തവാടിയില്‍നിന്ന് ബത്തേരിയിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസില്‍ ബുധനാഴ്ച്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ബസ്സിൽ അടുത്തിരുന്ന വിദ്യാർത്ഥിനിയോട് ഫിറോസ് അപമര്യാദയായി പെരുമാറുകയായിരുന്നു. ഇതോടെ വിദ്യാർത്ഥിനി ഇയാളെ കൈകാര്യം ചെയ്തു. തുടർന്ന് ബസ്സിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ഇടപെട്ടു. തുടർന്ന് പനമരത്ത് എത്തിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പനമരം എസ്.ഐ. പി.സി. സജീവനും സംഘവും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.