കർഷകനെ ആന ചവിട്ടിക്കൊന്നു; മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം
ഇരിട്ടി: ആറളം ഫാമിൽ കാട്ടാന കർഷകനെ ചവിട്ടിക്കൊന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമുവാണ് (45) കൊല്ലപെട്ടത്. ഈറ്റ വെട്ടാനിറങ്ങിയപ്പോഴാണ് ദാമുവിനെ കാട്ടാന ആക്രമിച്ചത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. നിലത്തുവീണ ഇയാളെ കാട്ടാന ചവിട്ടിക്കൊല്ലുകയായിരുന്നെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം കാട്ടാനയുടെ ആക്രമണം പതിവാണെന്ന് ആരോപിച്ച് മൃതദേഹം മാറ്റാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞിരിക്കുകയാണ്. കളക്ടറും മറ്റു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്തി കാട്ടാനാശല്യം പരിഹരിക്കുമെന്ന് ഉറപ്പ് നൽകാതെ മൃതദേഹം മാറ്റാന്‍ വിടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. സ്ഥലത്ത് ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ എത്തിയിട്ടുണ്ട്. ഇവര്‍ നാട്ടുകാരുമായി അനുരഞ്ജന ചര്‍ച്ച നടത്തിവരികയാണ്.
ദാമുവിന്‍റെ മൃതദേഹം മാറ്റണമെങ്കില്‍ ഡി എഫ് ഒയടക്കമുള്ള സ്ഥലത്തെത്തി കാട്ടാനയെ തുരത്തുന്ന കാര്യത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇപ്പോഴും കാട്ടാന ഭീഷണി പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.
ആറളം ഫാമില്‍ സെക്യൂരിറ്റി ജീവനക്കാരന്‍റെ ഇരുചക്രവാഹനവും ഇന്ന് പുലര്‍ച്ചെ കാട്ടാന തകര്‍ത്തിരുന്നു. പാലപുഴയില്‍ ഫാം ഗെയ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നയാളുടെ വാഹനമാണ് ആന തകർത്തത്. ഇന്നലെ രാത്രി പൊന്നപ്പൻ എന്നയാളുടെ വീടിന്‍റെ ഷെഡ് ആന തകര്‍ത്തിരുന്നു. ഇരിട്ടി താലൂക്കിൽ 12 പേരാണ് അടുത്തിടെ കാട്ടാനായുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.