മങ്കിപോക്സ് അതീവജാഗ്രതയിൽ കേരളം, കേന്ദ്ര സംഘം ഇന്നെത്തും; കൂടുതൽ പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്കപ്പട്ടികയിലുള്ള കൂടുതൽ പേരെ നിരീക്ഷണത്തിലേക്ക് മാറ്റാൻ നടപടി തുടങ്ങി. യുവാവിനൊപ്പം യാത്ര ചെയ്ത പതിനൊന്ന് പേരെ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സമ്പർക്കപ്പട്ടികയിൽ ഉള്ള മാതാപിതാക്കൾ, ടാക്സി – ഓട്ടോ ഡ്രൈവർമാർ, സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ തുടങ്ങിയവരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാനും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ പരിശോധനയ്ക്ക് വിധേയമാകാനും നിർദേശം നൽകി.

കേരളത്തിലെ സ്ഥിതി കേന്ദ്രസർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങൾക്കായി നാലംഗ കേന്ദ്രസംഘം ഇന്ന് സംസ്ഥാനത്തെത്തും. ആരോഗ്യമന്ത്രാലയത്തിലെ ഉപദേശകൻ ഡോ. പി രവീന്ദ്രൻ, ഡോ.സങ്കേത് കുൽക്കർണി, ഡോ. അരവിന്ദ് കുമാർ, ഡോ.അഖിലേഷ് തോക് എന്നിവരാണ് സംഘത്തിലുള്ളത്.

യു എ ഇയിൽ നിന്നെത്തിയ കൊല്ലം വാടി ജോനകപ്പുറം സ്വദേശിയായ മുപ്പത്തിയഞ്ചുകാരനാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. രാജ്യത്തെ ആദ്യ കേസാണിത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തിൽ ചികിത്സയിലാണ് യുവാവ്.

ചൊവ്വാഴ്ചയാണ് യുവാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ടാക്സിയിൽ കൊല്ലത്തെത്തിയ ഇയാൾ ശരീരത്തിൽ ചിക്കൻ പോക്സിന് സമാനമായ കുമിളകൾ കണ്ടതോടെ വീട്ടിൽ കയറാതെ മാതാപിതാക്കളെ വിളിച്ച് ഓട്ടോറിക്ഷയിൽ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. പനിയും കടുത്ത തലവേദനയും ശരീരവേദനയും ഉണ്ടായിരുന്നു. യു.എ.ഇയിൽ ഒപ്പം താമസിച്ചയാൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചതിനാൽ തനിക്കും അതാകുമെന്ന സംശയം ഡോക്ടറോട് പ്രകടിപ്പിച്ചു. ഇതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് അയച്ചു. അവിടെ നിന്ന് രാത്രി പതിനൊന്നോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മങ്കിപോക്സുമായുള്ള സാമ്യം തിരിച്ചറിഞ്ഞ് രക്തസാമ്പിൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലയച്ചു. ഇന്നലെ വൈകിട്ട് ലഭിച്ച ഫലത്തിലാണ് രോഗം സ്ഥിരീകരിച്ചത്.