സിംഗപ്പൂര്‍ ഓപണ്‍: പി.വി സിന്ധുവിന് കിരീടം

സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ചൈനയുടെ വാങ് ജീ യിയെ തകര്‍ത്താണ് സിന്ധുവിന്റെ കിരീട നേട്ടം. മത്സരത്തിലെ ആദ്യസെറ്റ് 21-9ന് സ്വന്തമാക്കിയ പി.വി സിന്ധു രണ്ടാം സെറ്റ് 21-11 എന്ന സ്‌കോറിന് നഷ്ടപ്പെടുത്തി. നിര്‍ണായകമായ മൂന്നാം സെറ്റ് 21-15ന് നേടി മത്സരവും കിരീടവും സിന്ധു സ്വന്തമാക്കി.

കരിയറില്‍ ഇതാദ്യമായാണ് സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ നേടുന്നത്. സൈന നെഹ്‌വാളിന് ശേഷം സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് പി.വി സിന്ധു.

ശനിയാഴ്ച നടന്ന വനിത സിംഗ്ള്‍സ് സെമി ഫൈനലില്‍ ജപ്പാന്റെ സയേന കവാകാമിയെ 21-15, 21-7 ന് സ്‌കോറിന് അനായാസം കീഴടക്കിയാണ് സിന്ധു സിംഗപ്പൂര്‍ ഓപ്പണിന്റെ ഫൈനലിലേക്ക് കടന്നത്.