കോഴിക്കോട്-ദുബായ് വിമാനത്തിനുള്ളിൽ തീപുകഞ്ഞ ഗന്ധം; അടിയന്തിര ലാൻഡിംഗ് നടത്തി


ന്യൂഡൽഹി: കോഴിക്കോട് നിന്ന് ദുബായിലേക്ക് പുറപ്പെട്ട വിമാനത്തിൽ തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് മസ്‌കറ്റിൽ അടിയന്തിരമായി ലാൻഡ് ചെയ്തു. എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിടി-എഎക്‌സ്എക്‌സ് ഓപ്പറേറ്റിംഗ് ഫ്‌ളൈറ്റായ ഐഎക്‌സ്-355 വിമാനമാണ് ദുബായിലെത്താതെ മസ്‌കറ്റിലിറങ്ങിയത്.

വിമാനത്തിനുള്ളിൽ തീപുകയുന്നതായി അുഭവപ്പെട്ടതിന്റെ പശ്ചാത്തലത്തിലായിരുന്നു അടിയന്തിര ലാൻഡിംഗ് നടത്തിയത്. വിമാനത്തിന്റെ മുൻവശത്തെ ഗ്യാലറിയിൽ നിന്നുംതീ പുകയുന്നതിന്റെ ഗന്ധം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് മസ്‌കറ്റിൽ അടിയന്തിരമായി വിമാനം ലാൻഡ് ചെയ്യാൻ പൈലറ്റുമാർ തീരുമാനിച്ചു. ഡിജിസിഎയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഡിജിസിഎ അറിയിച്ചു.

ഇന്ന് രാവിലെ മറ്റൊരു ഇൻഡിഗോ വിമാനം സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്ന് പാകിസ്താനിലെ കറാച്ചിയിൽ ലാൻഡ് ചെയ്തിരുന്നു. ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന വിമാനമാണ് അടിയന്തിരമായി കറാച്ചിയിൽ പറന്നിറങ്ങിയത്. തുടർന്ന് കറാച്ചിയിൽ നിന്നും യാത്രക്കാരെ കൊണ്ടുവരാൻ മറ്റൊരു ഇൻഡിഗോ വിമാനം ഏർപ്പെടുത്തി. രണ്ടാഴ്ചക്കിടെ രണ്ട് വിമാനങ്ങളാണ് സമാനസാഹചര്യത്തിൽ കറാച്ചിയിൽ ലാൻഡ് ചെയ്തത്.