ചില്ലറ വില്പനയ്ക്ക് ജി എസ് ടി ഇല്ല, വിലവർദ്ധന പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രം, വ്യക്തത വരുത്തി ജി എസ് ടി വകുപ്പ്
ന്യൂഡൽഹി: നാളെ മുതൽ നടപ്പാക്കുന്ന ജി.എസ്.ടി നികുതി പരിഷ്‌കരണം ചില്ലറയായി വിൽക്കുന്ന ഭക്ഷ്യോത്‌പന്നങ്ങൾക്ക് ബാധകമല്ലെന്ന് ജി.എസ്.ടി വകുപ്പ് വ്യക്തമാക്കി . പായ്ക്കറ്റ് ഉത്പന്നങ്ങൾക്ക് മാത്രമായിരിക്കും നികുതി. ജി.എസ്.ടി ബാധകമല്ലാത്ത ഉത്പന്നങ്ങൾക്ക് വിലകൂട്ടിയാൽ കർശന നടപടിയെടുക്കുമെന്നും വകുപ്പ് അറിയിച്ചു.
പായ്ക്ക് ചെയ്ത് ലേബല്‍ ഒട്ടിച്ച ബ്രാന്‍ഡഡ് അല്ലാത്ത ഭക്ഷ്യ വസ്തുക്കളെയും ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞ മാസം അവസാനം ചേര്‍ന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയതോടെയാണ് തിങ്കളാഴ്ച മുതല്‍ വില വര്‍ദ്ധിക്കുന്നത്. .അരിയടക്കമുള്ള ചില്ലറയായി വിൽക്കുന്ന ഉത്പന്നങ്ങളുടെ വില കയറുമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. പിന്നാലെയാണ് ജി.എസ്.ടി വകുപ്പ് വ്യക്തത വരുത്തിയത്
നികുതി പരിഷ്‌കരണം നടപ്പാക്കുന്നതോടെ പാക്കറ്റിലുള്ള തൈര്, മോര്, ലസ്സി എന്നിവയ്ക്കും അരി,ഭക്ഷ്യധാന്യങ്ങൾക്കും വില കൂടും. ഇതോടെ ജനങ്ങൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഉൽപന്നങ്ങൾക്കെല്ലാം നികുതിയാകും. സംസ്ഥാനത്തെ പലചരക്ക് വിപണിയിൽ 80ശതമാനവും ഇത്തരത്തിലുള്ള ഉത്പന്നങ്ങളാണ്. നികുതി ഇല്ലാതിരുന്ന തൈര്, മോര് എന്നിവയ്ക്ക് അഞ്ചു ശതമാനം നികുതി ഈടാക്കും. പാലുൽപന്നങ്ങളിൽ പാലിന് ഒഴികെ എല്ലായിനങ്ങൾക്കും നികുതി നൽകണം. സംസ്ഥാനത്ത് പാൽ ഉത്പന്നങ്ങൾക്ക് നാളെ മുതൽ വില കൂട്ടുമെന്ന് മിൽമ അറിയിച്ചിട്ടുണ്ട്. തൈര്, മോര്, ലെസ്സി, എന്നീ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനമാണ് വില വർദ്ധന.
ബ്രാൻഡ് ചെയ്ത് വിൽക്കുന്ന അരി, പയർ,കടല,പരിപ്പ് തുടങ്ങിയ ധാന്യങ്ങൾക്ക് മാത്രമായിരുന്നു നികുതി ഈടാക്കിയിരുന്നത്. ഇനി പാക്കറ്റിലാക്കി വിൽക്കുന്നവയ്‌ക്കെല്ലാം നികുതിയുണ്ട്. പ്രീപാക്ക് ചെയ്ത മാംസം (ഫ്രോസൺ അല്ലാത്തത്),മീൻ,തേൻ,ശർക്കര അടക്കമുള്ളവയ്ക്കും വില കൂടും.