ഒരാൾക്ക് കൂടി മങ്കിപോക്‌സ്; ദുബായിൽ നിന്നുമെത്തിയ പ്രവാസിക്ക് രോഗം സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്‌സ് സ്ഥിരീകരിച്ചു. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹം (31) പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍ നിന്നാണ് ഇദ്ദേഹം എത്തിയത്.
രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇദ്ദേഹവുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കിയതായും മന്ത്രി വീണാ ജോർജ് പറഞ്ഞു. ശനിയാഴ്ചയാണ് ഇയാളുടെ സ്രവം പൂനെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചത്.
രാജ്യത്തെ ആദ്യത്തെ മങ്കിപോക്സ് കേസ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കൊല്ലം സ്വദേശിയായ ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിലവിൽ ചികിത്സയിലാണ്. യുഎഇയിൽ നിന്നുമാണ് ഇദ്ദേഹം നാട്ടിലെത്തിയത്.
നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. രോഗിയുടെ അച്ഛൻ, അമ്മ, ടാക്സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ എന്നിവരുമായാണ് അടുത്ത സമ്പർക്കം ഉണ്ടായിട്ടുള്ളത്.
അതേസമയം, രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. അടുത്ത സമ്പർക്കത്തിൽ വന്നവരെ നിരന്തരം നിരീക്ഷിക്കുന്നുണ്ട്. മറ്റാർക്കും സമാന ലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല. ചിക്കൻപോക്സിന് സമാനമായ ലക്ഷണങ്ങളാണ് മങ്കിപോക്സിനുമുള്ളത്.