കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടി; മുന്‍ ബാങ്ക് മാനേജര്‍ പിടിയില്‍
മലപ്പുറം: കൊണ്ടോട്ടി കെഎസ്എഫ്ഇയില്‍ നിന്നും വ്യാജ രേഖകള്‍ ഉപയോഗിച്ച് അരക്കോടി രൂപയോളം തട്ടിയ സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊണ്ടോട്ടി കെഎസ്എഫ്ഇ മുന്‍ ബ്രാഞ്ച് മാനേജര്‍ കോഴിക്കോട് കോമേരി സ്വദേശി സൗപര്‍ണിക വീട്ടില്‍ സന്തോഷ് (53), കോഴിക്കോട് കക്കോടി മോറിക്കര സ്വദേശി രയാസ് വീട്ടില്‍ ജയജിത്ത് (42) എന്നിവരെയാണ് പ്രത്യേക അന്വോഷണ സംഘം പിടികൂടിയത്.
2016-2018 വര്‍ഷത്തില്‍ പിടിയിലായ സന്തോഷ് കൊണ്ടോട്ടി ബ്രാഞ്ചില്‍ ബ്രാഞ്ച് മാനേജറായി ജോലി ചെയ്യുന്ന സമയമാണ് ഇയാളുടെ സഹായത്തോടെ ജയജിത്ത് തട്ടിപ്പ് നടത്തിയത്. ഇയാള്‍ തട്ടിപ്പിന് വേണ്ടി
ബന്ധുക്കള്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ പേരില്‍ ലക്ഷങ്ങളുടെ കുറിയില്‍ ചേരുകയും കുറി വിളിച്ചെടുത്ത് ജിയോജിത്ത് വിവിധ പേരില്‍ വ്യാജ സാലറി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി മാനേജരുടെ ഒത്താശയോടെ ലക്ഷങ്ങള്‍ തട്ടിയെടുത്തതാണ് കേസിന് ആസ്പദമായ സംഭവം.
സംഭവ സമയം ജിയോജിത്ത് സര്‍ക്കാര്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്തു വരികയായിരുന്നു. ഇവിടത്തെ സീലുകളും മറ്റും ഉപയോഗിച്ചാണ് ഇയാള്‍ വ്യാജ രേഖകള്‍ നിര്‍മ്മിച്ചിരുന്നത്. കുറികളുടെ തിരിച്ചടവ് മുടങ്ങിയ സമയം നടത്തിയ അന്വോഷണത്തിലാണ് വന്‍ തട്ടിപ്പു പുറത്തായത്. തുടര്‍ന്ന്, നിലവിലെ മാനേജര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഒരു വര്‍ഷത്തോളമായി രണ്ടു പേരും സര്‍വീസില്‍ നിന്ന് അന്വേഷണവിധേയമായി സസ്പന്‍ഷനിലാണ്.
കെഎസ്എഫ്ഇയുടെ മറ്റു ശാഘകളിലും ഇവര്‍ സമാനരീതിയില്‍ തട്ടിപ്പു നടത്തിയതായും പോലീസിന്റെ
അന്വേഷണത്തില്‍ കണ്ടെത്തിട്ടുണ്ട്. അതേസമയം, തട്ടിയെടുത്ത പണം ഉപയോഗിച്ച് പ്രതികള്‍ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസിന്റെ അന്വേഷണത്തിനുള്ള കണ്ടെത്തല്‍ ഇവര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്
ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി ഡിവൈഎസ്പി അഷറഫ്, ഇന്‍സ്പക്ടര്‍ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്‌ഐ. നൗഫല്‍ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ സഞ്ജീവ്, രതീഷ് ഒളരിയന്‍, സബീഷ്, ഷബീര്‍, സുബ്രഹ്മണ്യന്‍, പ്രശാന്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.