കെ എസ് ഹംസക്കെതിരെ നടപടി വ്യവസായ പ്രമുഖന്റെ സമ്മര്‍ദത്തില്‍; ലീഗില്‍ വിവാദം

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസക്കെതിരെയുള്ള നടപടിക്കെതിരെ പാര്‍ട്ടിയില്‍ കടുത്ത അതൃപ്തി. പാര്‍ട്ടിക്ക് പുറത്തുള്ള വ്യവസായ പ്രമുഖന്‍ പ്രസിഡന്റ് സാദിഖലി തങ്ങളെ സമ്മര്‍ദത്തിലാക്കിയതാണ് നടപടിയിലേക്ക് വഴിവെച്ചതെന്നാണ് ആക്ഷേപം. മുസ്ലിം ലീഗ് ഭരണഘടനാ ചട്ടങ്ങളൊന്നും പാലിക്കാതെയുള്ള നടപടിയെ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ ചോദ്യം ചെയ്തു തുടങ്ങി. നടപടിക്കെതിരെ മുസ്ലിം ലഗ് നേതൃതലത്തിലും കടുത്ത പ്രതിഷേധമുണ്ട്.

കെ എസ് ഹം സക്കെതിരെയുള്ള നടപടി പ്രവര്‍ത്തകസമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചതിന്റെ പ്രതികാര നടപടിയാണെന്നാണ് മുസ്ലിം ലീഗില്‍ ഉയരുന്ന വിമര്‍ശനം. മുസ്ലിം ലീഗ് ഭരണഘടനാ ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് കെ എസ് ഹംസക്കെതിരെയുള്ള നടപടി. പാര്‍ട്ടി അച്ചടക്ക സമിതി ചേരുകയോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയോ ചെയ്തില്ല. തിടുക്കപ്പെട്ടുള്ള നടപടി കുഞ്ഞാലിക്കുട്ടിയുടെ താല്‍പര്യമാണെന്നാണ് മുസ്ലിം ലീഗില്‍ ഉയരുന്ന ആക്ഷേപം.

അച്ചടക്ക നടപടിയെക്കുറിച്ച് ഭരണഘടനയില്‍ പറയുന്നത് ഇങ്ങനെ-

1. ഭരണഘടനയ്‌ക്കോ സംഘടനയുടെ താല്‍പര്യത്തിനോ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ക്കോ വിരുദ്ധമായി പ്രവര്‍ത്തിക്കുകയോ സംഘടനയുടെ ഫണ്ട് അപഹരിക്കുകയോ ദുര്‍വിനിയോഗം ചെയ്യുകയോ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ സംഘടനയുടെ സല്‍പ്പേരിനെ കളങ്കപ്പെടുത്തുകയോ ചെയ്യുന്ന അംഗത്തിന്റെയോ ഘടകത്തിന്റെയോ പേരിലുള്ള പരാതി ജില്ലാ കമ്മിറ്റി മുഖേനയും ജില്ലാ കമ്മിറ്റിയെ കുറിച്ചാണ് പരാതിയെങ്കില്‍ നേരിട്ടും സ്റ്റേറ്റ് അച്ചടക്ക സമിതിക്ക് അയച്ചു കൊടുക്കേണ്ടതാണ്.

2. അച്ചടക്ക സമിതി കുറ്റാരോപണത്തിന്റെ സാരാംശം ആരോപിതന് അയച്ചു കൊടുക്കേണ്ടതാണ്. ആയത് കൈപറ്റി ഏഴു ദിവസത്തിനകം കുറ്റാരോപിതന്‍ രേഖാമൂലം സമാധാനം ബോധിപ്പിക്കേണ്ടതാണ്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കുന്നതിനും കുറ്റാരോപിതന് അവകാശം ഉണ്ടായിരിക്കുന്നതാണ്.

3. അച്ചടക്ക സമിതി ആരോപണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടതാണ്.

4. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് താക്കീത്, സെന്‍ഷ്വര്‍, തരം താഴ്ത്തല്‍, സസ്‌പെന്‍ഷന്‍, അംഗത്വം റദ്ദാക്കല്‍, കമ്മിറ്റിയില്‍ നിന്ന് നിശ്ചിത കാലത്തേക്ക് മാറ്റി നിര്‍ത്തല്‍ എന്നീ ശിക്ഷകള്‍ നല്‍കാവുന്നതാണ്.

5. സ്റ്റേറ്റ് അച്ചടക്ക സമിതിയുടെ തീരുമാനത്തിന്റെ കോപ്പി കിട്ടി ഏഴു ദിവസത്തിനകം സംസ്ഥാന പ്രസിഡണ്ടിന് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭരണഘടനയിലെ ഈ ചട്ടങ്ങളൊന്നും കെ എസ് ഹംസക്കെതിരായ നടപടിയില്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം.

ഇതിന് പുറമെയാണ് വ്യവസായ പ്രമുഖന്റെ സാന്നിധ്യത്തിലാണ് ഹംസയ്ക്കെതിരെയുള്ള നടപടി തീരുമാനിച്ചതെന്ന വിമര്‍ശനവും മുസ്ലിം ലീഗില്‍ ഉയരുന്നത്. തൃശൂരില്‍ വ്യവസായ പ്രമുഖന്റെ ബന്ധുവിന്റെ വിവാഹ വേദിയിലാണ് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടന്നത്. കെ എസ് ഹംസക്ക് പുറമെ കെ എം ഷാജിക്കെതിരെയും നടപടി വേണമെന്ന് വ്യവാസ പ്രമുഖന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷാജിക്കെതിരെ നടപടിയെടുത്താല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് സാദിഖലി തങ്ങള്‍ അറിയിച്ചു. ഇതോടെ നടപടി ഹംസക്കെതിരെ മാത്രമായി. ഉന്നതാധികാര സമിതിയോട് പോലും കൂടിയാലോചിക്കാതെ എടുത്ത ഈ തീരുമാനത്തില്‍ മുതിര്‍ന്ന ലീഗ് നേതാക്കള്‍ക്കും കടുത്ത അതൃപ്തിയുണ്ട്.

കെ എസ് ഹംസക്കെതിരെ നടപടിയെടുത്തതോടെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സമുഹ മാധ്യമങ്ങളില്‍ രംഗത്തെത്തി. പ്രവര്‍ത്തക സമിതി യോഗ വാര്‍ത്തകള്‍ ചോര്‍ന്നതിനെതിരെയാണ് നടപടിയെങ്കില്‍ ഉന്നതാധികാര സമിതിയിലെ വാര്‍ത്ത ചോര്‍ന്നതില്‍ ആര്‍ക്കെതിരെ നടപടിയെടുക്കുമെന്ന ചോദ്യവുമായി എം എസ്എ ഫ് മലപ്പുറം ജില്ലാ സെക്രട്ടറി അഡ്വ. പി എ നിഷാദ് രംഗത്തെത്തി. കെ എസ് ഹംസക്കെതിരെയുള്ള ഏകപക്ഷീയ നടപടിക്കെതിരെ ലീഗ് നേതൃതലങ്ങളില്‍ നിന്ന് തന്നെ വൈകാതെ മറുനീക്കങ്ങളുണ്ടാകുന്നുണ്ടെന്നാണ് സൂചന.