പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് ക്രൂര മർദ്ദനമേറ്റ് മരിച്ചു
കോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. വടകര കല്ലേരിയിലെ താഴെ കൊയിലോത്ത് സജീവൻ(42) ആണ് മരിച്ചത്. വാഹനാപകടവുമായി ബന്ധപ്പെട്ടാണ് ഇയാളെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. വിട്ടയച്ച ശേഷം സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
സ്‌റ്റേഷനിൽ വെച്ച് തന്നെ തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് സജീവൻ പറഞ്ഞിരുന്നുവെന്ന് സുഹൃത്തുക്കൾ വെളിപ്പെടുത്തി. പോലീസിന്റെ മർദ്ദനമാണോ അതോ മറ്റ് എന്തെങ്കിലും അസുഖബാധിതനാണോ സജീവൻ എന്ന കാര്യത്തിൽ വ്യക്തതയില്ല. സജീവന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
അർദ്ധരാത്രി പൊലീസ് സ്റ്റേഷന്റെ വളപ്പിൽ ഒരാൾ കുഴഞ്ഞുവീഴുന്നത് കണ്ടെന്നും ഒരു പൊലീസുകാരൻ മാത്രമാണ് വന്നുനോക്കിയതെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു.
ഓട്ടോ ഡ്രൈവർമാരും സുഹൃത്തുക്കളുമാണ് സജീവനെ വടകരയിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. അരമണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. നേരത്തെ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞതായി ഓട്ടോ ഡ്രൈവർ വ്യക്തമാക്കി.
സജീവന് ക്രൂരമായി മർദനമേറ്റിട്ടുണ്ടെന്ന് സുഹൃത്തുക്കൾ ആരോപിച്ചു. കസ്റ്റഡിയിലിരിക്കെ തന്നെ നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ പൊലീസ് കൂട്ടാക്കിയില്ലെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് പുറത്തിറങ്ങിറപ്പോൾ സജീവൻ കുഴഞ്ഞുവീണു. ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായം ചോദിച്ചെങ്കിലും പൊലീസ് തയ്യാറായില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
രാത്രി പത്തരയോടെയാണ് സംഭവം. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണ് എല്ലാത്തിനും തുടക്കും. നഷ്ടപരിഹാരത്തെ സംബന്ധിച്ച് ഇരു കൂട്ടരും തമ്മിൽ വാക്കേറ്റം ഉണ്ടായി. പ്രശ്‌നം ഒത്തുതീർക്കാൻ കഴിയാതെ വന്നതോടെ നാട്ടുകാർ പോലീസിനെ വിളിച്ചു. വടകര പോലീസ് സറ്റേഷനിൽ നിന്ന് കോൺസ്റ്റബിൾ എത്തിയാണ് ഇവരെ പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്.
കാറിലുണ്ടായിരുന്ന മൂന്ന് പേരും മദ്യപിച്ചിരുന്നുവെന്ന് വ്യക്തമായതോടെ വടകര എസ് ഐ മർദ്ദനം ആരംഭിച്ചു. സജീവന് രണ്ട് പ്രാവശ്യം മർദ്ദനമേറ്റുവെന്ന് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പറയുന്നു. ഇവർക്കും മർദ്ദനമേറ്റിരുന്നു. അര മണിക്കൂർ കൊണ്ട് പോലീസ് നടപടികൾ പൂർത്തിയാക്കി ഇവരെ പറഞ്ഞയച്ചെങ്കിലും സജീവൻ പോലീസ് സ്‌റ്റേഷന് മുന്നിൽ കുഴഞ്ഞു വീഴുകയായിരുന്നു.