സീരിയൽ നടിയും സുഹൃത്തും മദ്യലഹരിയിൽ വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ചു
എറണാകുളം: മദ്യലഹരിയിൽ കാർ ഓടിച്ച് നിരവധി വാഹനങ്ങൾ ഇടിച്ച് തെറിപ്പിച്ച സിനിമാ-സീരിയൽ നടിയും സുഹൃത്തും പിടിയിൽ. നടി അശ്വതി ബാബു (26) സുഹൃത്ത് നൗഫൽ എന്നിവരാണ് പിടിയിലായത്.

ഇരുചക്രവാഹനങ്ങളുൾപ്പെടെ നിരവധി വാഹനങ്ങളെയാണ് മദ്യലഹരിയിൽ ഇവർ ഇടിച്ച് തെറിപ്പിച്ചത്.

വൈകീട്ടോടെയായിരുന്നു സംഭവം. കുസാറ്റ് ജംഗ്ഷൻ മുതൽ തൃക്കാക്കരെ വരെയായിരുന്നു ഇവർ അപകടം ഉണ്ടാക്കിയത്. കുസാറ്റ് സിഗ്നനിൽ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് അഭ്യാസം കാണിച്ചതോടെയാണ് ഇവരെ നാട്ടുകാർ ശ്രദ്ധിച്ചത്. സിഗ്നലിൽ നിന്നും കാർ എടുത്തപ്പോൾ മറ്റ് വാഹനങ്ങളിൽ ഇടിച്ചു. തുടർന്ന് നിർത്താതെ പോകുകയായിരുന്നു. ഇത് കണ്ട ഒരാൾ ഇവരെ പിന്തുടർന്ന് കാറിന് വട്ടംവെച്ച് തടഞ്ഞു നിർത്തി. എന്നാൽ ഇവർ റോഡിന് പുറത്തുകൂടി വാഹനവുമായി കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ കാറിന്റെ ടയർപൊട്ടി. ഇതോടെ വാഹനം ഉപേക്ഷിച്ച് ഇവർ കടക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ നൗഫലിനെ പോലീസ് പിടികൂടി.

അവിടെ നിന്നും രക്ഷപ്പെട്ട അശ്വതിയെ നാട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ലഹരിമരുന്ന് കേസിൽ അശ്വതി നേരത്തെ പിടിയിലായിട്ടുണ്ട്.