മൂന്നു മന്ത്രിമാരുടെ സ്റ്റാഫിന്റെ എണ്ണം കൂട്ടി
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസ്താവനയുടെ പേരിൽ മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങളെ പുനർനിയമിച്ചു. ഇതോടെ മൂന്നു മന്ത്രി മാരുടെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം വർധിച്ചു. മന്ത്രിമാരായ വി എൻ വാസവന്‍, പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹിമാൻ എന്നിവരുടെ പഴ്സനൽ സ്റ്റാഫിലേക്ക് മാറ്റി നിയമിച്ചത്.

ഇതോടെ വി.എൻ.വാസവന്റെ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം 30 ആയി. റിയാസിന്റെ സ്റ്റാഫിൽ 29 പേരുമായി. എന്നാൽ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ പരമാവധി 25 പേരേ പാടുള്ളൂ എന്നാണ് എല്‍ഡിഎഫ് നയം. പുതുതായി നിയമിച്ചവർക്ക് പെൻഷൻ ഉറപ്പാക്കുന്നതിനാണ് നടപടിയെന്ന് ആക്ഷേപമുണ്ട്.
സജി ചെറിയാന്‍ രാജിവച്ചതിനു പിന്നാലെ പേഴ്സണല്‍ സ്റ്റാഫിനെ പിരിച്ചുവിട്ടിരുന്നു. ഇവരെ മറ്റ് മന്ത്രിമാരുടെ ഓഫീസുകളിലേക്ക് നിയമിച്ച കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയിട്ടില്ല. പേഴ്സനല്‍ സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട് വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. ഗവര്‍ണര്‍ ഉള്‍പ്പെടെ ഈ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പിരിച്ചുവിട്ടവർക്ക് വീണ്ടും നിയമനം നല്‍കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവുമധികം ഫയലുകൾ കൈകാര്യം ചെയ്യുന്നത് ധനമന്ത്രിയുടെ ഓഫീസാണ്. ധനമന്ത്രിയുടെ പഴ്സനൽ സ്റ്റാഫിൽ പോലും 19 പേരേയുള്ളൂവെന്നിരിക്കെയാണ് മറ്റു മന്ത്രിമാരുടെ സ്റ്റാഫിൽ കൂടുതൽ പേരെ നിയമിച്ചിരിക്കുന്നത്.