ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരെ കേരള മുസ്ലിം ജമാഅത്തിന്റെ സംസ്ഥാന വ്യാപക പ്രതിഷേധം
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ച സർക്കാർ നടപടിക്കെതിരെ പ്രതിഷേധം. കാന്തപുരം വിഭാഗം നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കളക്ടറേറ്റുകളിലേക്കുമാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്.

തിരുവനന്തപുരത്ത് പാളയത്ത് നിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. നിയമത്തിന് വഴങ്ങാതെ ഒളിച്ചോടിയ ക്രമിനല്‍ കേസ് പ്രതി ഒരു ജില്ലയുടെ നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാന കരമാണെന്നും ഇത്തരത്തില്‍ പൊതുസമൂഹത്തെ അവഹേളിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മലപ്പുറത്ത് വണ്ടൂർ അബ്ദുർറഹ്മാൻ ഫൈസി, കോഴിക്കോട്ട് എൻ അലി അബ്ദുല്ല, വയനാട്ടിൽ ശറഫുദ്ദീൻ അഞ്ചാംപീടിക, കണ്ണൂരിൽ എം കെ ഹാമിദ് മാസ്റ്റർ, കാസർകോട്ട് സി എൻ ജഅ്ഫർ എന്നിവർ അഭിസംബോധന ചെയ്തു