പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നീട്ടി

തിരുവനന്തപുരം: പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് സമയം നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം കണക്കിലെടുത്താണ് നടപടി.

തിരുത്തലുകള്‍ക്കും കൂടുതല്‍ ഓപ്ഷനുകള്‍ വയ്ക്കുന്നതിനുമുള്ള അവസരം ഇന്ന് വൈകീട്ട് അഞ്ച് മണി വരെയായിരുന്നു നല്‍കിയിരുന്നത്. ഇതാണ് നാളെ വൈകുന്നേരം അഞ്ചു മണി വരെ നീട്ടിയിരിക്കുന്നത്.

വെള്ളിയാഴ്ച്ച രാവിലെയാണ് ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ വെബ്സൈറ്റ് മണിക്കൂറോളം പ്രവര്‍ത്തനരഹിതമായിരുന്നു. സൈറ്റിന്റെ നാല് സെര്‍വറുകളിലും ഒരേസമയം ഒരു ലക്ഷത്തില്‍ കൂടുതല്‍ പേര്‍ പ്രവേശിച്ചതിനാലാണ് തടസം നേരിട്ടതെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് ഡാറ്റാ സെന്റര്‍, ഐ.ടി.മിഷന്‍, എന്‍.ഐ.സി അധികൃതര്‍ എന്നിവര്‍ കൂടുതല്‍ സെര്‍വറുകള്‍ ഒരുക്കി പ്രശ്നം പരിഹരിച്ചിരുന്നു.

അപേക്ഷാ സമര്‍പ്പണ നടപടികള്‍ സംബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. പ്രവേശന നടപടികള്‍ സുഗമമായി നടക്കും. മുന്‍വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ആദ്യം തന്നെ അധിക ബാച്ചിലേക്ക് പ്രവേശനം നടക്കും. അര്‍ഹതയുള്ള എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാണെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.