അരിമാവ് ചോദിച്ചെത്തി വീട്ടമ്മയുടെ സ്വർണമാല കവർന്നു; ഒരു മാസത്തിന് ശേഷം പ്രതികൾ പിടിയിൽ
പാലക്കാട്: അരിമാവ് ചോദിച്ച് കടയിലെത്തിയ ശേഷം വീട്ടമ്മയുടെ സ്വർണമാല കവർന്ന് രക്ഷപ്പെട്ട പ്രതികൾ ഒരു മാസത്തിനു ശേഷം പിടിയിലായി. മണ്ണാർക്കാട് വടക്കുമണ്ണത്ത് ഓക്കാസ് തിയറ്ററിനു സമീപം എണ്ണക്കടികളും അരിമാവും വിൽപന നടത്തുന്ന ശാന്തിയുടെ മാലയാണ് അരിമാവ് വാങ്ങാനെന്ന വ്യാജേന എത്തിയവർ കവർന്നത്. പ്രതികളായ മലപ്പുറം ആമയൂർ കടവിൽ നിസാർ, മൊറയൂർ ആനക്കല്ലിങ്കൽ സുബൈർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ജൂൺ മൂന്നിന് രാത്രി ഒൻപതരയോടെ ഓക്കാസ് തിയറ്ററിനു സമീപത്തായിരുന്നു കവർച്ച. രാത്രി കട അടയ്ക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് മാവ് ആവശ്യപ്പെട്ട് യുവാവ് എത്തിയത്. 30 രൂപയുടെ മാവ് നൽകിയപ്പോൾ 50 രൂപയുടെ മാവ് വേണമെന്നായി. മാവ് കവറിൽ നിറയ്ക്കുന്നതിനിടെ വീടിന് അകത്തു കയറിയ യുവാവ് മാല പൊട്ടിക്കുക ആയിരുന്നു.
ശാന്തി ഒരു കൈകൊണ്ട് മാലയും മറു കൈകൊണ്ട് യുവാവിന്റെ വസ്ത്രത്തിലും പിടിച്ചെങ്കിലും ശാന്തിയെ തള്ളിമാറ്റി മാല പൊട്ടിച്ച് യുവാവ് പുറത്തേക്ക് ഓടി. ശബ്ദം കേട്ട് എത്തിയ ശാന്തിയുടെ ഭർത്താവ് വേണുവും യുവാവിന്റെ പിന്നാലെ പുറത്തിറങ്ങിയപ്പോഴേക്കും ബൈക്കിൽ കാത്തു നിന്നിരുന്ന സുഹൃത്തിനൊപ്പം കള്ളൻ രക്ഷപ്പെട്ടു. മാലയുടെ ഒരു ഭാഗം ശാന്തിയുടെ കയ്യിൽ കിട്ടിയിരുന്നു.
പൊലീസിൽ പരാതി നൽകിയെങ്കിലും കള്ളനെ കണ്ടെത്താനായിരുന്നില്ല. സമാന കേസിൽ തൃശൂർ ഒല്ലൂരിലാണ് ഇവർ പിടിയിലായത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പാലക്കാട്, മലപ്പുറം, തൃശൂർ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. മാല പണയം വച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽനിന്ന് സ്വർണം കണ്ടെടുത്തു.