അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിൽ
വളാഞ്ചേരി: അടിപിടിക്കേസില്‍പ്പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഒരാള്‍ കൂടി പിടിയിലായി. തിരുവനന്തപുരം പട്ടം സ്വദേശി നിധിനാണ് വളാഞ്ചേരി പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അടിപിടിക്കേസില്‍ പെട്ടയാളെ സ്വാധീനിച്ച് കേസ് നടത്തിത്തരാമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയ കേസിലാണ് മൂന്നംഗസംഘത്തിലൊരാളായ തിരുവനന്തപുരം പട്ടം മുട്ടട സ്വദേശി രോഹിണി നിവാസിൽ നിധിന്‍ അനന്തപുരി(43)പിടിയിലായത്. കേസില്‍ മറ്റു രണ്ടു പ്രതികളായ താനൂര്‍ ചെറുപുരക്കല്‍ വീട്ടില്‍ ഹസ്‌കറും ഇരിമ്പിളിയം പുറമണ്ണൂര്‍ സ്വദേശി ഇരുമ്പലയില്‍ സിയാദും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിധിനും പിടിയിലാകുന്നത്.
പറഞ്ഞ് വിശ്വസിപ്പിച്ച മൂവരും കൂടി ഇയാളില്‍നിന്നും 1 ലക്ഷത്തി 27000 രൂപയോളം കൈക്കലാക്കിയതായാണ് പരാതി. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുമായി ബന്ധമുണ്ടെന്നും പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായി പിടിപാടുണ്ടെന്നും പറഞ്ഞുമാണ് പരാതിക്കാരനെ മൂവരും സ്വാധീനിച്ചതെന്നും പോലീസ് പറയുന്നു. തേഞ്ഞിപ്പലത്ത് എസ്‌ഐയെ 2016 ൽ തട്ടിക്കൊണ്ടുപോയ കേസും പ്രതിയായ നിധിനെതിരെ നിലവിലുണ്ട്.SHO കെ ജെ ജിനേഷിന്റെ നിർദേശനുസരണം എസ് ഐ മാരായ ഉണ്ണികൃഷ്ണൻ, അസിസ് എ എസ് ഐ ബിജു, എസ് സി പി ഒ പദ്മിനി, സിപി ഒ മാരായ വിനീത്, ദീപു എന്നിവർ ചേർന്നാണ് തൃക്കാക്കര എ സി പി യുടെ സ്‌ക്വാഡ് അംഗങ്ങളുടെ സഹായത്തോടെ ഇയാളെ എറണാകുളത്ത് നിന്നും പിടികൂടിയത്.