എസ് എഫ് ഐയെ നിരോധിക്കണം; ഹൈബി ഈഡൻ എം പിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി
ന്യൂഡൽഹി: സിപിഎം അനുബന്ധ വിദ്യാർത്ഥി സംഘടനയായ എസ് എഫ് ഐയെ നിരോധിക്കണം എന്ന ഹൈബി ഈഡൻ എം പിയുടെ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറി കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു. സംസ്ഥാന ചീഫ് സെക്രട്ടറിയോടും ബാർ കൗൺസിൽ ഓഫ് ഇന്ത്യയോടും വിഷയം പരിശോധിച്ച് നടപടി എടുക്കാൻ ആവശ്യപ്പെട്ടതായി കിരൺ റിജിജു പാർലമെന്റിൽ അറിയിച്ചു.
തിരുവനന്തപുരം ലോ കോളേജിൽ കെ എസ് യു പ്രവർത്തകയെ മർദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി, എസ് എഫ് ഐയെ നിരോധിക്കണം എന്ന ആവശ്യം ഹൈബി ഈഡൻ എം പിയാണ് പാർലമെന്റിൽ ഉന്നയിച്ചത്. ശൂന്യവേളയിലായിരുന്നു ഹൈബി ഈഡന്റെ ആവശ്യം. ക്രമസമാധാനം സംബന്ധിച്ച വിഷയമായതിനാൽ സംസ്ഥാന സർക്കാരിന്റെ അധികാര പരിധിയിൽ വരുന്ന വിഷയമാണ് ഇത്. അതിനാൽ ആവശ്യം കേരള ചീഫ് സെക്രട്ടറിക്ക് കൈമാറുകയാണെന്ന് കേന്ദ്ര നിയമ മന്ത്രി അറിയിച്ചു.
കോളേജ് യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന തർക്കമാണ് കൈയ്യാങ്കളിയിൽ എത്തിയത്. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് സഫ്ന അടക്കമുള്ളവരെ എസ് എഫ് ഐ പ്രവർത്തകർ മർദ്ദിച്ചിരുന്നു. മാർച്ച് മാസത്തിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോഴും സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.