മാസ്കും സാനിറ്റെെസറും ആറ് മാസത്തേക്ക് കൂടി; സർക്കാർ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മാസ്കും സാനിറ്റെെസറും നിർബന്ധമാക്കി സർക്കാർ വീണ്ടും ഉത്തരവിറക്കി. കൊവിഡ് ചെറിയ തോതിൽ കൂടുന്ന സാഹചര്യത്തിൽ ആറ് മാസത്തേക്ക് കൂടി മാസ്കും സാനിറ്റെെസറും നിർബന്ധമായും ഉപയോഗിക്കണമെന്ന് ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ വ്യക്തമാക്കി.

പൊതുസ്ഥലങ്ങളിലും ജോലി സ്ഥലത്തും പൊതുജനങ്ങൾക്കു പ്രവേശനമുള്ള എല്ലാ സാമൂഹിക കൂടിച്ചേരലുകളിലും വാഹനങ്ങളിലും മാസ്ക് ധരിക്കണം. സ്ഥാപനങ്ങൾ, കടകൾ, തിയേറ്ററുകൾ എന്നിവയുടെ നടത്തിപ്പുകാർ സാനിറ്റൈസർ ഉറപ്പുവരുത്തണം. ചടങ്ങുകളിൽ സംഘാടകർ നൽകണമെന്നും ഉത്തരവിൽ പറയുന്നു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പുതിയ ഉത്തരവിറക്കിയത്. ഇന്നലെ 1,113 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ഇതുവരെ 5,26,211 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. കോൺഗ്രസ് എം പി ജെബി മേത്തറിന്റെ ചോദ്യത്തിന് മറുപടിയായാണ് ജൂലൈ 28 വരെയുള്ള കണക്ക് ആരോഗ്യ മന്ത്രാലയം പാർലമെന്റിൽ അറിയിച്ചത്. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് 1,48,088 പേർ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്ക്. മരണ കണക്കിൽ കേരളമാണ് രണ്ടാമത്. 70424 പേർ കേരളത്തിൽ കൊവിഡ് ബാധിച്ച് മരിച്ചതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.