മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ ഏൽപ്പിച്ചു

മമ്പാട്: ചാക്കിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കിടയിൽ നിന്ന് കിട്ടിയ 20,000 രൂപയും അരപവൻ്റ ഒരു ജോഡി സ്വർണ കമ്മലും ഉടമയെ ഹരിത കർമ സേനാംഗങ്ങൾ തിരികെ ഏൽപ്പിച്ചു. വടപുറം വള്ളിക്കെട്ടിലാണ് സംഭവം. അടച്ചുറപ്പില്ലാത്ത വീടായതിനാൽ കള്ളന്മാരെ പേടിച്ച് ചാക്കിൽ മാലിന്യങ്ങൾക്കിടയിലാണ് വീട്ടമ്മ പണവും ആഭരണവും സൂക്ഷിച്ചത്. ഹരിത സേനയിലെ തങ്ക ബാലചന്ദ്രൻ, ശ്രീദേവി എന്നിവർ മാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ വീട്ടമ്മ സ്ഥലത്തുണ്ടായിരുന്നില്ല. മരുമകൾ എടുത്തു കൊടുത്ത ചാക്കുമായി സേനാംഗങ്ങൾ മടങ്ങി. വീട്ടമ്മ തിരിച്ചെത്തിയപ്പോഴാണ് അബദ്ധം മനസ്സിലത്. ഉടനെ വിവരം അറിയിച്ചു. പരിശോധനയിൽ ചാക്കിൽ നിന്ന് പണവും കമ്മലും കിട്ടി. പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ മേജർ മുഹമ്മദിൻ്റ സാന്നിധ്യത്തിൽ കൈമാറി.