കേന്ദ്രം 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കുമെന്ന് റിപ്പോര്‍ട്ട്; റിലയന്‍സിന് വഴിയൊരുക്കാനെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡൽഹി: 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ കേന്ദ്രം നിരോധിക്കുമെന്ന് റിപ്പോർട്ട്. അസ്ഥിരമായ ഇന്ത്യൻ സാമ്പത്തിക രംഗത്തിന് ഉണർവേകാനാണ് 150 ഡോളറിൽ താഴെ വില വരുന്ന ചൈനീസ് ഫോണുകൾ നിരോധിക്കുന്നത്. തദ്ദേശ ബ്രാൻഡുകൾക്ക് അവസരം നൽകുന്നതിനാണ് ഈ നീക്കമെന്നും ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മൊബൈൽ മാർക്കറ്റാണ് ഇന്ത്യ. ഇന്ത്യയുടെ നീക്കം ബഡ്ജറ്റ് ഫോൺ രാജാക്കന്മാരായ ഷവോമിക്ക് വലിയ തിരിച്ചടിയാകും. ഷാവോമി, റിയൽമീ, ട്രാൻഷൻ തുടങ്ങിയ ബ്രാൻഡുകളെയാകും ഈ നടപടി ഗുരുതരമായി ബാധിക്കുക എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന് സ്മാർട്ട് ഫോണുകളിൽ മൂന്നിലൊന്നും 12,000 രൂപക്ക് താഴെ വില വരുന്നവയാണ്. ഇതിൽ 80 ശതമാനവും ചൈനീസ് കമ്പനികളുടെ ഫോണുകളാണ്.
അതേസമയം കേന്ദ്ര സർക്കാരിന്റെ ഈ നീക്കം മുകേഷ് അംബാനിയുടെ റിലയൻസ് കമ്പനിക്ക് വഴിയൊരുക്കാനാണെന്ന ആരോപണം സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകളായും കുറിപ്പുകളായും പ്രചരിക്കുന്നുണ്ട്. 12,000 രൂപയിൽ താഴെ വിലയുള്ള ജിയോ ഫോൺ 5ജി എന്ന പുതിയ ഫോൺ റിലയൻസ് ജിയോ പുറത്തിറക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മികച്ച ഫീച്ചറുകളുമായിട്ടായിരിക്കും ഫോൺ വിപണിയിലെത്തിക്കുക എന്നും കമ്പനി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കാനുളള കേന്ദ്ര നീക്കമെന്നതാണ് ട്രോളുകൾക്ക് ആധാരമായത്.