കടൽ കടന്ന് അപൂർവ്വ രക്തദാനം നടത്തി മലയാളികൾ; ഗുരുതര രോഗം ബാധിച്ച ഏഴു വയസ്സുകാരനായ സൗദി ബാലന് പുതു ജീവൻ
എടപ്പാൾ: സൗദിയിലെത്തി രക്തദാനം നടത്തി മലയാളികൾ. ഏഴു വയസ്സുള്ള സൗദി ബാലന്റെ ജീവൻ തിരികെ പിടിക്കാനാണ് മലയാളികൾ ഒരുമിച്ച് കൈ കോർത്തത്. ഇതോടെ ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കഴിഞ്ഞിരുന്ന സൗദി ബാലൻ ജീവിതത്തിലേക്ക് തിരികെ കയറുകയും ചെയ്തു. അപൂർവങ്ങളിൽ അപൂർവമായ ‘ബോംബെ ഒ പോസിറ്റീവ്’ രക്തം നൽകാനാണ് മലയാളികൾ കടൽ താണ്ടിയത്. കുട്ടിക്ക് ശസ്ത്രക്രിയ വിധിച്ചതോടെ ബ്ലഡ് ഡോണേഴ്‌സിനെ തോടി കുടുംബം അലഞ്ഞു. എന്നാൽ ‘ബോംബെ ഒ പോസിറ്റീവ്’ രക്തം അറബ്‌നാട്ടിൽ കിട്ടാനില്ലെന്നായതോടെ സന്ദേശം കടൽകടന്ന് മലയാളമണ്ണിലെത്തി.

കുട്ടിക്ക് രക്തം വേണമെന്ന് അറിഞ്ഞ ബ്ലഡ് ഡോണേഴ്സ് കേരളയുടെ (ബി.ഡി.കെ.) ഭാരവാഹികൾ അവസരത്തിനൊത്തുയർന്നു. നാലുപേർ വിദേശത്തേക്കുപറന്നു. രക്തം നൽകി. ശസ്ത്രക്രിയ കഴിഞ്ഞു. ഉംറയും നിർവഹിച്ച് ഈ മനുഷ്യസ്‌നേഹികൾ തിരിച്ചെത്തി. സൗദിയിലെ കുട്ടിക്ക് രക്തം വേണമെന്നാവശ്യപ്പെട്ട് കുടുംബം കഴിഞ്ഞമാസം ബി.ഡി.കെ.യുടെ കേരള സൗദി ചാപ്റ്ററിനെ സമീപിച്ചതോടെയാണ് കടൽ കടന്നുള്ള രക്തദാനത്തിന് മലയാളികൾ സന്നദ്ധരായത്. അവർ ബോംബെ ഗ്രൂപ്പ് കോ-ഓർഡിനേറ്ററും സംസ്ഥാന വൈസ് പ്രസിഡന്റുമായ വളാഞ്ചേരിയിലെ സി.കെ. സലീമുമായി സംസാരിച്ചു. അദ്ദേഹം നടത്തിയ പരിശ്രമത്തിന്റെ ഭാഗമായി ജലീന മലപ്പുറം, മുഹമ്മദ് ഷരീഫ് പെരിന്തൽമണ്ണ, മുഹമ്മദ് റഫീഖ് ഗുരുവായൂർ, മുഹമ്മദ് ഫാറൂഖ് തൃശ്ശൂർ എന്നിവർ രക്തം നൽകാൻ സന്നദ്ധരായി.

ലക്ഷങ്ങൾ ചെലവു വരുന്നതൊന്നുമോർക്കാതെ നാലുപേരെയും സലീമും സൗദി ചാപ്റ്റർ ഭാരവാഹികളും ചേർന്ന് കരിപ്പൂരിൽനിന്ന് സൗദിയിലേക്ക് വിമാനം കയറ്റി. കഴിഞ്ഞമാസം 19-ന് പോയസംഘം പരിശോധനകളെല്ലാം പൂർത്തീകരിച്ച് രക്തം ദാനംചെയ്തു. തിങ്കളാഴ്ച രാത്രി കരിപ്പൂരിൽ തിരിച്ചെത്തിയ സംഘത്തിന് സലീമും മറ്റു ഭാരവാഹികളായ സനൽലാൽ, സക്കീർ ഹുസൈൻ തുടങ്ങിയവരുംചേർന്ന് സ്വീകരണം നൽകി.
എ, ബി, ഒ രക്തഗ്രൂപ്പുകളിൽ എച്ച് എന്ന ആന്റിജൻ (പ്രതിജനകം) ഇല്ലാത്ത വിഭാഗമാണ് ബോംബെ ഗ്രൂപ്പ് എന്ന് അറിയപ്പെടുന്നത്. കേരളത്തിലാകെ 30-ഓളം പേരാണ് ഉള്ളതെന്ന് ബ്ലഡ് ഡോണേഴ്സ് കേരള സംസ്ഥാന വൈസ് പ്രസിഡന്റും ബോംബെ ഗ്രൂപ്പ് കോ -ഓർഡിനേറ്ററുമായ സലീം സി.കെ. വളാഞ്ചേരി പറഞ്ഞു.