പോലീസിൽ ഉന്നത ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിട്ടിപ്പ്; പണം തട്ടിയത് നിരവധി യുവതികളിൽ നിന്നും
മലപ്പുറം: പോലീസിൽ ഉന്നത ജോലിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നിരവധി പെൺകുട്ടികളെ വിവാഹം ചെയ്ത് സ്വർണവും കാറും കൈവശപ്പെടുത്തി മുങ്ങിയ 45കാരൻ പിടിയിൽ. എസ്പിയാണെന്നും ഡിഐജിയാണെന്നുമൊക്കെയാണ് ഇയാൾ അവകാശപ്പെട്ടിരുന്നത്. പലേരി പേരാമ്പ്ര സ്വദേശി കപ്പുമലയിൽ അൻവറിനെയാണ്( 45) കോട്ടക്കൽ പോലീസ് പിടികൂടി കൂടിയത്. കോട്ടക്കൽ സ്വദേശിനിയായ യുവതിയാണ് പരാതി നൽകിയത് 2017ലാണ് ഇവരെ വിവാഹം ചെയ്തത്. ശേഷം മാരുതി കാറും സ്വർണവുമായി മുങ്ങുകയായിരുന്നുവെന്നാണ് പരാതി. പിന്നീടാണ് സമാനമായി പ്രതി നിരവധി തവണ വിവാഹം ചെയ്ത് മുങ്ങിയിട്ടുണ്ടെന്ന് പോലീസിന് വ്യക്തമായത്. പല വിവരങ്ങളും യുവതിക്കും ലഭിച്ചു.
പോലീസ് ഡിപാർട്ട്‌മെന്റിൽ എസ്പി ആണന്നും ഡിഐജി ആണന്നും പറഞ്ഞ് സ്ത്രീകൾക്കും കുടുംബത്തിനും അനുസരിച്ച് തരാതരം മാറ്റിപ്പറഞ്ഞാണ് വിവാഹം ചെയ്തിട്ടുള്ളതെന്നും പോലീസ് പറഞ്ഞു. കോട്ടക്കൽ സിഐ ഷാജിയുടെ നേതൃത്വത്തിൽ എസ്ഐ സുകീഷ്‌കുമാർ എഎസ്ഐ കൃഷ്ണൻകുട്ടി, വീണ വാരിയത്ത്, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഒളിവിൽ കഴിയുകയായിരുന്ന കൊടുവള്ളി വാവാടുള്ള നാലാം ഭാര്യയുടെ വസതിയിൽവെച്ചാണ് അറസ്റ്റ് ചെയ്തത്.

പ്രതിയെ തിരുർ ഫസ്റ്റ്ട്രാക്ക് കോടതിയിൽ ഹാജരാക്കി. കേരളത്തിന്റെ വിവിധ ജില്ലകളിൽ പ്രതിക്കെതിരെ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു. സ്വർണവും പണവും കൈക്കലാക്കുകയാണ് പ്രതിയുടെ മുഖ്യലക്ഷ്യം. വിവാഹം കഴിഞ്ഞു മാസങ്ങളോളും ഇവരോടൊപ്പം കഴിഞ്ഞാണു വിവിധ കാരണങ്ങൾ പറഞ്ഞ് പ്രതി മുങ്ങുന്നത്. തനിക്കെതിരെ വിവിധ സ്‌റ്റേഷനുകളിൽ കേസുണ്ടെന്നു പ്രതി തന്നെ ചോദ്യംചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. കോട്ടക്കലിൽ ഒരു കുഞ്ഞുള്ള യുവതിയെ രണ്ടാംവിവാഹമാണ് ചെയ്തത്. യുവതിയുടെ കൈവശമുണ്ടായിരുന്ന കാർ പിന്നീട് പ്രതിയാണ് ഉപയോഗിച്ചിരുന്നത്. തുടർന്ന് ഈ കാറും സ്വർണവും എടുത്തു മുങ്ങുകയായിരുന്നു. തുടർന്നാണ് ഇവർ പരാതി നൽകിയത്. ശേഷം ഇരുവരും തമ്മിൽ അനുനയ ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു.