Fincat

വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാക കത്തിച്ചു വ്യാപാരി; വീഡിയോ തെളിവായപ്പോൾ അറസ്റ്റിൽ

മലപ്പുറം: ഹർ ഘർ തിരംഗയുടെ ഭാഗമായി നാടൊട്ടുക്കും വീടുകളിലും സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക പ്രദർശിപ്പിച്ച് സ്വതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്നതിനിടയിൽ മലപ്പുറം വഴിക്കടവിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ദേശീയ പതാകകൾ കത്തിച്ചു. വഴിക്കടവ് പഞ്ചായത്തിന് മുൻവശം പബ്ലിക്ക് റോഡരികിൽ വെച്ച് ദേശീയപതാകയെ അവമതിക്കുന്ന വിധത്തിൽ മാലിന്യങ്ങളുടെ കൂട്ടത്തിൽ ഇട്ട് പ്ലാസ്റ്റിക് നിർമ്മിതമായ ദേശീയ പതാകകൾ കത്തിച്ച പ്രതിക്കെതിരെ വഴിക്കടവ് പൊലീസ് കേസെടുത്തത്.

1 st paragraph

വഴിക്കടവ് പൂവത്തിപ്പൊയിൽ കുന്നത്ത് കുഴിയിൽ വീട്ടിൽ ചന്ദ്രനെ(64)യാണ് വഴിക്കടവ് സിഐ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വഴിക്കടവ് പഞ്ചായത്തിന് മുൻവശം കച്ചവടം നടത്തുന്നയാളാണ് പ്രതി. ദി പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്റ്റ് 1971 എസ് (2), ഐപിസി 269, 278, കെപി ആക്റ്റ് 120 (ഇ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തത്.

2nd paragraph

വഴിക്കടവ് എസ്‌ഐ കെ.ജി. ജോസ്, എസ്.സി.പി.ഒ കെ.കെ സുനിൽ, സി.പി.ഒ അലക്സ് വർഗ്ഗീസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്ത് കേസിൽ തുടരന്വേഷണം നടത്തുന്നത്. അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തിൽ വിട്ടു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് മലപ്പുറം ജില്ലയിൽ വർണാഭമായ തുടക്കമാണ് കുറിച്ചിരുന്നത്.

ജില്ലയിൽ വീടുകളിലും സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും സർക്കാർ കെട്ടിടങ്ങൾ, പൗരസമൂഹങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ദേശീയ പതാക ഉയർത്തി ക്യാമ്പയിനിന്റെ ഭാഗമായി. ഇതിനായി ജില്ലയിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. കുടുംബശ്രീ വഴിയാണ് പതാക നിർമ്മിച്ചത്. കുടുംബശ്രീ വഴി നിർമ്മിച്ച 97ശതമാനം പതാകകളുടെ വിതരണം ജില്ലയിൽ പൂർത്തിയായി. ആവശ്യപ്പെട്ട എണ്ണം അനുസരിച്ച് എ.ഡി.എസ്, സി.ഡി.എസ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ എത്തിച്ചു നൽകിയിരുന്നു.

ദേശീയ പതാകയോടുള്ള വൈകാരിക ബന്ധം വളർത്തുന്നതിനും ദേശീയപതാകയെ ആദരിക്കുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 15 വരെയാണ് പതാക ഉയർത്തേണ്ടത്. ദേശീയ പതാകയുടെ അന്തസ് നിലനിർത്തുംവിധം ഫ്‌ളാഗ് കോഡ് പാലിച്ചുകൊണ്ടായിരിക്കണം ദേശീയ പതാക ഉയർത്തേണ്ടത്. ഇതിനായി കൃത്യമായ മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്.