ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്.

75 വ‌ർഷം നീണ്ട യാത്ര ഉയർച്ചതാഴ്‌ച്ച നിറഞ്ഞതായിരുന്നെന്ന് പ്രധാനമന്ത്രി അഭിസംബോധനക്കിടെ പറഞ്ഞു. ഐതിഹാസിക ദിനമാണിന്ന്. വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. പുതിയ ദിശയിൽ നീങ്ങാനുള്ള സമയമായി. ലോകം ഇന്ത്യയെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നു. ഇനി വരാനുള്ള 25 വർഷം പ്രധാനപ്പെട്ടതാണ്. ജനാധിപത്യത്തിന്റെ അമ്മയാണ് ഇന്ത്യയെന്ന് തെളിയിച്ചു. 25 വർഷത്തിൽ രാജ്യത്തിന് അഞ്ച് സുപ്രധാന ലക്ഷ്യങ്ങളുണ്ട്. വികസിത ഇന്ത്യ, അടിമത്ത മനോഭാവം ഇല്ലാതാക്കൽ, പാരമ്പര്യത്തിലുള്ള അഭിമാനം, ഐക്യം, പൗരന്റെ കടമ നിറവേറ്റൽ എന്നിവയാണ് അഞ്ച് ലക്ഷ്യങ്ങളെന്ന് അദ്ദേഹം പ്രസംഗത്തിൽ വ്യക്തമാക്കി.