കരിപ്പൂരിൽ പോലീസിന്റെ സ്വർണവേട്ട തുടരുന്നു; ഒരു കിലോ സ്വർണം കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

മലപ്പുറം: കരിപ്പൂരിൽ പോലീസിൻ്റെ സ്വർണ വേട്ട തുടരുക ആണ്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏർപ്പെടുത്തിയ സംവിധാനമാണ് കരിപ്പൂർ വിമാനത്താവളത്തിലെ പോലീസ് എയ്ഡ് പോസ്റ്റ്. കസ്റ്റംസിൻ്റെ പരിശോധന പൂർത്തിയാക്കി, സ്വർണം അവരിൽ നിന്നും വെട്ടിച്ച് വരുന്നവരിൽ നിന്ന് ആണ് പോലീസ് സ്വർണം പിടികൂടുന്നത് എന്നത് ആണ് ഏറ്റവും ശ്രദ്ധേയം.

ഏറ്റവും ഒടുവിൽ പോലീസ് പിടികൂടിയത് ഒരു കിലോ സ്വർണം കടത്താൻ ശ്രമിച്ച കോഴിക്കോട് തൂണേരി സ്വദേശി മുഹമ്മദ് ആസിഫിനെ ആണ്.

മിശ്രിത രൂപത്തിൽ ഉള്ള സ്വർണം 4 ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച് ആണ് കടത്താൻ ശ്രമിച്ചത്. പിടിച്ചെടുത്ത സ്വർണ മിശ്രിതത്തിന്റെ തൂക്കം 1.119 കിലോ വരും. ഷാർജയിൽ നിന്ന് ആണ് ഇയാള്‍ എത്തിയത്. പ്രതിയെ സ്വീകരിക്കാനെത്തിയ മലപ്പുറം മമ്പാട് സ്വദേശി മുഹമ്മദ് യാസിറിനെയും പൊലീസ് പിടികൂടി. ഇത് കരിപ്പൂരിൽ നിന്നും പോലീസിൻ്റെ പ്രത്യേക സംഘം പിടികൂടുന്ന 51 ആമത്തെ കേസ് ആണ്.

കഴിഞ്ഞ ജനുവരി അവസാനം ആണ് പോലീസ് കരിപ്പൂർ വിമാനത്താവളത്തിൽ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. മലപ്പുറം എസ്പി സുജിത്ത് ദാസ് എസ് ഐ പി എസ് ആണ് സ്വർണ കടത്ത് പിടികൂടാൻ ഇത്തരം ഒരു സംവിധാനം ഒരുക്കാൻ നിശ്ചയിച്ചത്.അന്ന് മുതൽ ഇത് വരേക്കും 51 സ്വർണ കടത്ത് കേസുകൾ ആണ് പോലീസ് പിടികൂടിയിട്ടുള്ളത്. കരിപ്പൂർ വിമാനത്താവളത്തിൽ കഴിഞ്ഞ 7 മാസത്തിനിടെ 44 കിലോയിലധികം സ്വർണമാണ് പൊലീസ് പിടിച്ചത്. ഇതിൻ്റെ മൂല്യം 22.5 കോടി രൂപയിൽ അധികം വരും.
വിമാനത്താവളത്തിന് പുറത്തെ പോസ്റ്റ് വഴിയുള്ള പോലീസിൻറെ ഈ സ്വർണവേട്ട കസ്റ്റംസിനെ സംബന്ധിച്ച് തലവേദന ആണ്. പോലീസ് പിടികൂടിയ സ്വർണത്തിന് തുടരന്വേഷണം നടപടികളാണ് കസ്റ്റംസിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്. സ്വർണ്ണം പോലീസ് പിടികൂടിയാലും തുടരന്വേഷണം കസ്റ്റംസിൻ്റെ ഉത്തരവാദിത്വമാണ്. പ്രതികളെയും തൊണ്ടി വാഹനങ്ങളും റിപ്പോർട്ട് സഹിതം പോലീസ് കസ്റ്റംസിന് കൈമാറും . പക്ഷേ സ്വർണം കോടതിയിലാണ് ഹാജരാക്കുക. കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി സ്വർണ്ണം വാങ്ങിയ ശേഷമേ അന്വേഷണം തുടങ്ങൂ.

കസ്റ്റംസിനെ വെട്ടിച്ച് പുറത്തെത്തിക്കുന്ന സ്വർണമാണ് പോലീസ് പിടികൂടുന്നത് ഇത് കസ്റ്റംസിനു സംബന്ധിച്ച് ക്ഷീണമാണ്. പിടികൂടിയ സ്വർണം എല്ലാം യാത്രക്കാർ ക്യാപ്സൂൾ രൂപത്തിൽ ശരീരത്തിന് അകത്ത് ഒളിപ്പിച്ചുകൊണ്ടുവരുന്നവയാണ്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഏറെയും സ്വർണം പിടിക്കുന്നത് എങ്കിൽ വിമാനത്താവള പരിസരത്ത് നിരീക്ഷണത്തിലൂടെ യും സംശയമുള്ളവരെ പിന്തുടർന്ന് ചോദ്യം ചെയ്തതാണ് പോലീസ് സ്വർണം പിടികൂടുന്നത്. സംശയം തോന്നുന്നവരെ ആശുപത്രിയിൽ എത്തിച്ച എക്സറേ പരിശോധനയ്ക്കും വിധേയരാക്കും.

അങ്ങനെയാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്തുന്ന സ്വർണം പോലീസ് കണ്ടെത്തുന്നത്. കസ്റ്റംസ് അന്വേഷണം സ്വർണ്ണ കടത്തുകാരിൽ ഒതുങ്ങുമ്പോൾ സ്വീകരിക്കാനെത്തിയവരും വാഹനങ്ങളും എല്ലാം പോലീസിൻറെ അന്വേഷണത്തിൽ പിടിയിലാകുന്നു. ജനുവരി 21ന് ഹെൽപ്പ് ഡെസ്ക് ആരംഭിച്ചശേഷം കസ്റ്റംസ് പിടികൂടിയതിനേക്കാളും സ്വർണം പോലീസ് കരിപ്പൂരിൽനിന്ന് പിടികൂടിയിട്ടുണ്ട് എന്നാണ് കണക്കുകൾ.