ഓർഡർ ചെയ്തത് 3495 രൂപയുടെ വാച്ച്, കിട്ടിയത് പെട്ടി മാത്രം; മലപ്പുറം സ്വദേശിക്ക് ആമസോണ്‍ 39,592 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

മലപ്പുറം: ആമസോണിലൂടെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത വാച്ചിനു പകരം ഉപഭോക്താവിന് ലഭിച്ചത് ഒഴിഞ്ഞ പെട്ടി. പരാതിയുമായി വന്നയാൾക്ക് ആമസോണ്‍ 39,592 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. മലപ്പുറം പുളിക്കല്‍ സിയാംകണ്ടം സ്വദേശി പി ജസീൽ നൽകിയ പരാതിയിലാണ് ഉപഭോക്തൃ കമ്മീഷന്‍റെ ഉത്തരവ്.

ആമസോണിൽ ഓൺലൈനായി വിലപിടിപ്പുള്ള വാച്ച് ഓർഡർ ചെയ്ത തനിക്ക് ഒഴിഞ്ഞ പെട്ടിയാണ് ലഭിച്ചതെന്നാണ് ജസീൽ പരാതി നൽകിയത്. മൂന്നര വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷമാണ് വാച്ചിന്‍റെ വിലയായ 3495 രൂപയും 9 ശതമാനം പലിശയും, നഷ്ടപരിഹാരമായി 25000 രൂപയും, കോടതി ചിലവായി 10,000 രൂപയും ഉപഭോക്താവിന് നല്‍കാന്‍ കോടതി ഉത്തരവായത്.

അപര്യാപ്തമായ സേവനത്തിനും, അധാര്‍മിക കച്ചവടത്തിനുമെതിരെയാണ് ജസീൽ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്നിൽ പരാതി നല്‍കിയത്. കമ്മീഷന്‍ അംഗങ്ങളായ കെ മോഹന്‍ദാസ് പ്രസിഡന്‍റും, പ്രീതി ശിവരാമന്‍, മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളായ മലപ്പുറം ഉപഭോക്തൃ കമ്മീഷന്‍റതാണ് ഉത്തരവ്. പരാതി ക്കാരന് വേണ്ടി അഡ്വ: എ.പി അബ്ദുറഹിമാനാണ് ഹാജരായത്.
കോടതി ഉത്തരവ്.